ദിലീപിന് സുരക്ഷയൊരുക്കി തണ്ടര്‍ ഫോഴ്‌സ് സംഘം; ഒരുതരി മണ്ണുപോലും വീഴാതെ ജനപ്രിയന് സുരക്ഷയുമായി സേനയിലെ മൂന്നു പേര്‍ എപ്പോഴും കൂടെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍പോലീസ് പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപിന് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം. ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്‌സിനെയാണ് സംരക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ സേനയിലെ മൂന്ന് പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടായിരിക്കും.

ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുകയാണ് സുരക്ഷാഭടന്‍മാരുടെ ജോലി.റിട്ടയേര്‍ഡ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എ.വല്‍സനാണ് സുരക്ഷാ ഏജന്‍സിയുടെ കേരളത്തിലെ തലവന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സഹായം തേടിയത്.

മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്. ദിലീപിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക. കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക. ഈ ദൗത്യമാണ് ഇവര്‍ ചെയ്യേണ്ടത്.
നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി അനില്‍ നായരാണ് സുരക്ഷാ ഏജന്‍സിയുടെ ഉടമ.

തണ്ടര്‍ഫോഴ്‌സ് എന്ന പേരില്‍ പതിനൊന്നു സംസ്ഥാനങ്ങളില്‍ ഈ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നൂറു പേര്‍ ജീവനക്കാരാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന പി.എ.വല്‍സനാണ്.

ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയടക്കം പൊതുജനപ്രാധിനിത്യം ധാരാളമുള്ള ഇടങ്ങളില്‍ ദിലീപ് സന്ദര്‍ശനം നടത്തിയിരുന്നു.ഇവിടെയെല്ലാം ദിലീപിന് സുരക്ഷയൊരുക്കി തണ്ടര്‍ ഫോഴ്‌സ് സംഘം കൂടെയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.