വിയന്നയിലെ മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ സ്ഥാപകനായ വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ ജോണിന് ഇടവകാംഗംങ്ങളുടെ സ്വീകരണം

വിയന്ന: ഓസ്ട്രിയയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ സ്ഥാപകനായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ ജോണിന് ഇടവകാംഗംങ്ങള്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തോട് അനുബന്ധിച്ച് ആം താബോര്‍ ദേവാലയത്തില്‍ നടന്ന വി. കുര്‍ബാനയില്‍ ഫാ. ഡോ. എം.ഓ. ജോണ്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. സി.എം ഫിലീപ്പോസ് ഇടവക വികാരി ഫാ. വില്‍സണ്‍ അബ്രഹാം എന്നിവര്‍ സഹകാര്‍മികരായിരുന്നു. വര്‍ഗീസ് പന്നായികടവില്‍, ജെഫിന്‍ കീകാട്ടില്‍, പ്രിന്‍സ് നാങ്കുളം, മാര്‍ട്ടിന്‍ ബ്രെസോവിക്‌സ് എന്നിവര്‍ ശുശ്രുഷകളില്‍ സഹായിച്ചു.

വി. കുര്‍ബാനയ്ക്കു ശേഷം അനുമോദന സമ്മേളനം നടന്നു. യൂത്ത് ലീഗില്‍ നിന്നും ജെറീന്‍ പന്നായിക്കടവില്‍ ഫാ. ഡോ. എം.ഓ ജോണിനെ ബൊക്കെ നല്‍കി സ്വീകരിച്ചു. ഫാ. വില്‍സണ്‍ അബ്രഹാം സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ഫാ. സി.എം ഫിലീപ്പോസ്, പാരിഷ് സെക്രട്ടറി വര്‍ഗീസ് ഫിലിപ്, ഏലിയാമ്മ ബ്രെസോവിക്‌സ് (മാര്‍ത്തമറിയം സമാജം), പ്രിന്‍സ് നാങ്കുളം (യൂത്ത് ലീഗ്) എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സണ്‍ഡേ സ്‌കൂളില്‍ നിന്നുള്ള നാഥന്‍ എബ്രാഹവും, നിമി എബ്രാഹവും സ്വാഗത ഗാനം ആലപിച്ചു. സമ്മേളനത്തില്‍ വൈദീകര്‍ ഫാ. ഡോ. എം.ഓ ജോണിനെ പൊന്നാട അണിയിച്ചു. സ്‌നേഹവിരുന്നോടുകൂടി സമ്മേളനം അവസാനിച്ചു. വിയന്നയിലെ സഭാ അംഗങ്ങളുടെ പ്രത്യക ക്ഷണം സ്വീകരിച്ചു എത്തിച്ചേര്‍ന്ന അദ്ദേഹം ഒക്ടോബര്‍ 24ന് ഓസ്ട്രിയയില്‍ നിന്ന് മടങ്ങും.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദീക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ഡോ. എം.ഓ ജോണിന്റെ പരിശ്രമ ഫലമായിട്ടാണ് 1982ല്‍ വിയന്നയില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സ്ഥാപിതമായത്. വിയന്നയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി എത്തിയ അദ്ദേഹം ജര്‍മനിയില്‍ നിന്നുമൊക്കെയായി വൈദീകരെ കൊണ്ടുവന്നു വി. കുര്‍ബാന നടത്തി സഭാ വിശ്വാസികളെ ഒരുമിച്ചു ചേര്‍ത്തതിന്റെ ഫലമാണ് ഓസ്ട്രിയയിലെ ഓര്‍ത്തഡോക്സ് ഇടവക. ഇപ്പോള്‍ എല്ലാ ഞായറാഴ്ചയും അം താബോര്‍ ദേവാലയത്തില്‍ വി. കുര്‍ബാന നടക്കുന്നുണ്ട്.