ബ്ലേഡ് മാഫിയയുടെ പീഡനം കാരണം തിരുനൽവേലി കളക്ട്രേറ്റിനു മുന്നിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കുടുംബത്തിന്‍റെ ആത്മഹത്യ ശ്രമം
തിരുനൽവേലി: ബ്ലേഡ് മാഫിയയുടെ പീഡനം കാരണം തിരുനൽവേലി കളക്ട്രേറ്റിനു മുന്നിൽ മണ്ണെണ്ണ കുടുംബത്തിന്‍റെ ആത്മഹത്യ ശ്രമം. തിരുനല്‍വെലി കാശിധര്‍മം സ്വദേശിയായ ഇസക്കിമുത്തുവിന്റെ കുടുംബമാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇസക്കിമുത്തു(30) ഭാര്യ സുബ്ബുലക്ഷ്മി(25) ഇവരുടെ പെണ്മക്കളായ ശരണ്യ (5) വയസ് പതിനെട്ടു മാസം മാത്രം പ്രായമുള്ള ഇളയകുട്ടി അക്ഷയ എന്നിവരാണ് തിങ്കളാഴ്ച രാവിലെ പരസ്യമായി തിരുനൽവേലി കളക്ട്രേറ്റിനു മുന്നിൽ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. കൂലിവേലക്കാരനായ ഇസക്കിമുത്ത് മുത്തുലക്ഷ്മി എന്ന സ്ത്രീയില്‍ നിന്നും 1:45 ലക്ഷം രൂപ പലിശയ്ക്ക് എടുത്തിരുന്നു. പല തവണയായി മുതലും പലിശയും ഉള്‍പ്പെടെ 2.34 ലക്ഷം രൂപ തിരിച്ചു നല്‍കുകയും ചെയ്തു.
എന്നാല്‍ പലിശ ഇനത്തില്‍ ഇനിയും 2 ലക്ഷം രൂപ കൂടി വേണം എന്ന് പറഞ്ഞു ഇവരുടെ ഗുണ്ടകള്‍ കുടുംബത്തിനെ സ്ഥിരമായി ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ന്ന്‍ ഇസക്കിമുത്ത് ഇവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി എങ്കിലും കാശ് കൊടുത്ത് കേസ് പിന്‍വലിക്കുവാനാണ് പോലീസ് ഇയാളോട് പറഞ്ഞത്. തുടര്‍ന്നാണ് കലക്ട്ടര്‍ക്ക് പരാതി നല്‍കാന്‍ ഇവര്‍ കുടുംബസമ്മേതം തിരുനല്‍വേലിയില്‍ എത്തിയത്. എന്നാല്‍ കലക്ട്ടറെ കാണുവാന്‍ സാധിക്കാത്തത് കാരണം ഇവര്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അവിടെ നിന്നവര്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. 70 ശതമാനത്തില്‍ കൂടുതല്‍ പൊള്ളലേറ്റ നാലുപേരും ഇപ്പോള്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലാണ്. ഇവരുടെ പാരാതിയില്‍ ഉന്നതതല അന്വേഷണം നടത്തുവാന്‍ പോലീസ് തീരുമാനം ആയിട്ടുണ്ട്.