സിനിമകളില്‍ മാത്രം കാണാറുള്ള ഭീകര ജീവി വീടിനുള്ളില്‍ പ്രത്യക്ഷപ്പെടുന്നു; ഉറക്കമില്ലാതെ ഓസ്‌ട്രേലിയയില്‍ മലയാളികളടക്കമുള്ള താമസക്കാര്‍
തങ്ങളുടെ വീടുകളില്‍ മിക്ക രാത്രികളിലും എത്താറുള്ള ഭീകരരൂപമുള്ള അജ്ഞാത ജീവിയെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഓസ്‌ട്രേലിയയിലെ മലയാളികളടക്കമുള്ള താമസക്കാര്‍. ഏഷ്യയിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന ഒരു ഷഡ്പദത്തിന്റെ രൂപത്തിലുള്ള ജീവിയാണ് അവരുടെ ഉറക്കം കെടുത്തുന്നത്. ജീവിയെ കണ്ടതിന്റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം സഹിതം പങ്കുവെച്ചാണ് നാട്ടുകാര്‍ തങ്ങളുടെ ആശങ്ക പുറം ലോകത്തോട് അറിയിക്കുന്നത്.
ഷഡ്പദത്തിന്റെ ആകൃതിയാണെങ്കിലും ശരീരത്തിന്റെ നീളമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. രോമം നിറഞ്ഞ നീണ്ട കാലുകളാണ് ഇതിനുള്ളത്. ഹോളിവുഡ് സിനിമകളിലൊക്കെയാണ് ഇത്തരത്തിലുള്ള വിരൂപ ജീവികളെ കാണാറുള്ളു.ക്രിറ്റോനോട്ടോസ് വിഭാഗത്തില്‍പ്പെട്ട ജീവിയാണിതെന്നാണ് കരുതുന്നത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഇതിന്റെ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് ഇന്‍ഡോനേഷ്യയില്‍നിന്നാണെങ്കിലും, ഓസ്‌ട്രേലിയയിലെ വീടുകളിലാണ് ഇതിനെ കൂടുതലായും കാണുന്നത്.
ഇണയെ ആകര്‍ഷിക്കാനായി പുറപ്പെടുവിക്കുന്ന രൂക്ഷ ഗന്ധമാണ് മറ്റുള്ളവയില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഈ രൂക്ഷഗന്ധമാണ് ഇതിനെ ആളുകളുടെ പേടിസ്വപ്നമാക്കുന്നതും. കാഴ്ചയില്‍ സാധാരണ ഷഡ്പദങ്ങളെപോലിരിക്കുമെങ്കിലും പിന്‍കാലുകള്‍ വിടര്‍ത്തിയാല്‍ ഭീകരരൂപിയായി മാറുമെന്നതും നാട്ടുകാരെ പേടിപ്പിക്കുന്നു.
പശ്ചിമ ഓസ്‌ട്രേലിയയിലും ക്വീന്‍സ്ലാന്‍ഡിലും ഇതിനെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഇനിയും ഇതിനെ കണ്ടെത്തുകയാണെങ്കില്‍ വീടിന് തീവെക്കുമെന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ കമന്റ് ചെയ്തത്. ഇതിനെ വീട്ടില്‍ക്കണ്ടാല്‍ വീടിന്റെ താക്കോല്‍ അതിനെയേല്‍പ്പിച്ച് സ്ഥലം വിടുമെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.