ധോണിയും കോഹ്ലിയുമല്ല ഹീറോ;അടുത്ത ഐപിഎല്ലില്‍ സൂപ്പര്‍ താരമാവുക ഈ ഇന്ത്യന്‍ യുവതാരം, റെക്കോര്‍ഡ് തുക നല്‍കി സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ പിറകെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും നിലവിലെ നായകന്‍ വിരാട് കോഹ്ലിയും. ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിക്ക് കൈമാറിയെങ്കിലും ധോണിക്ക് ടീമിലുള്ള സ്വാധീനം ശക്തമാണ്. ഇപ്പോഴുള്ള പലതാരങ്ങളും അത് സമ്മതിക്കുന്നുമുണ്ട്. ഐ.പി.എല്‍ സീസണുകളില്‍ ധോണിക്കും കോഹ്ലിക്കും ലഭിക്കുന്ന പരിഗണന മറ്റു ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കാറില്ല.

എന്നാല്‍ അടുത്ത സീസണിലേക്കുള്ള ഐ.പി.എല്‍ താരലേലത്തില്‍ കോഹ്ലിയും ധോണിയും ആയിരിക്കില്ല വിലകൂടിയ ഇന്ത്യന്‍ താരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പുതിയ ആള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയായിരിക്കും മിന്നും താരമാകാന്‍ പോകുന്നതെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരമായ പാണ്ഡ്യ പുതിയ ടീമിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ താരലേലത്തില്‍ അദ്ദേഹം ഉള്‍പ്പെടുകയും പാണ്ഡ്യക്ക് റെക്കോര്‍ഡ് വിലയാകും ലഭിക്കുക എന്നാണ് വിലയിരുത്തല്‍. വെടിക്കെട്ട് താരങ്ങള്‍ നിരവധിയുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പാണ്ഡ്യയെ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ അടുത്ത സീസണിലേക്കുള്ള ഐ.പി.എല്‍ താരലേലത്തില്‍ ആകര്‍ഷക താരമാകുന്നത് പാണ്ഡ്യയായിരിക്കുമെന്നാണ് വിലയിരുത്തല്‍.