അടുത്ത ഐ പി എല്ലില്‍ താന്‍ മൈതാനത്തു കാണില്ല ; എന്നാല്‍ ചെന്നൈയില്‍ തുടരും : ധോണി

അടുത്ത വര്‍ഷം ഐപിഎലില്‍ കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനുമായ എംഎസ് ധോണി. അടുത്ത സീസണിലും ചെന്നൈക്കൊപ്പം ഉണ്ടാവുമെന്നും കളിക്കുമോ എന്നത് പല കാര്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്നും ധോണി വ്യക്തമാക്കി. ”അടുത്ത വര്‍ഷവും നിങ്ങള്‍ക്ക് എന്നെ ചെന്നൈക്കൊപ്പം കാണാം. പക്ഷേ, ഞാന്‍ ചെന്നൈക്കായി കളിക്കുമോ എനത് പല കാര്യങ്ങളും പരിഗണിച്ചേ തീരുമാനിക്കൂ. പുതിയ രണ്ട് ടീമുകള്‍ വരുന്നുണ്ട് എന്നതാണ് അതിലെ ഏറ്റവും ലളിതമായ കാരണം. ആരെയൊക്കെ നിലനിര്‍ത്താം എന്നത് നമുക്കറിയില്ല. എത്ര വിദേശികള്‍ ഉണ്ടാവാമെനോ, നിലനിര്‍ത്താവുന്ന ഇന്ത്യന്‍ താരങ്ങള്‍ എത്രയെന്നോ ഒന്നും നമുക്കറിയില്ല. അതുകൊണ്ട് തന്നെ പല അനിശ്ചിതത്വങ്ങളും ഉണ്ട്.

നിയമങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞാലേ എന്തെങ്കിലും തീരുമാനിക്കാന്‍ കഴിയൂ. അതിനു വേണ്ടി കാത്തിരിക്കുകയാണ്.”- പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ ടോസിനു ശേഷം ധോണി പറഞ്ഞു. അതേസമയം, ചെന്നൈ ചെപ്പോക്കില്‍ തന്റെ വിടവാങ്ങല്‍ മത്സരം കളിക്കാനാണ് ആഗ്രഹമെന്നാണ് സാമൂഹിക മാധ്യമത്തില്‍ ആരാധകരോട് സംവദിച്ച ധോണി പറഞ്ഞത്. ‘വിടവാങ്ങലിന്റെ കാര്യം വരുമ്പോള്‍, നിങ്ങള്‍ക്ക് ഞാന്‍ സി.എസ്.കെക്ക് വേണ്ടി കളിക്കുന്നത് കാണാന്‍ കഴിയും. അതാണ് എന്റെ വിടവാങ്ങല്‍ മത്സരം. എനിക്ക് വിട നല്‍കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഞങ്ങള്‍ ചെന്നൈയിലേക്ക് വരും. എന്റെ അവസാന മത്സരം അവിടെ വെച്ച് കളിക്കണമെന്നും എന്റെ എല്ലാ ആരാധകരെയും കാണാമെന്നും പ്രതീക്ഷിക്കുന്നു’ ധോണി പറഞ്ഞു.