കോടിയേരി കയറി വിവാദമായ കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ പിടിച്ചെടുക്കും
ജനജാഗ്രത യാത്രയ്ക്കിടെ കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച ഫൈസല്‍ കാരാട്ടിന്റെ മിനി കൂപ്പര്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം റജിസ്റ്റര്‍ ചെയ്തതിലൂടെ ഏകദേശം പത്ത് ലക്ഷം രൂപയോളം നികുതി വെട്ടിച്ചതായി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാഹനം പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചത്. കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാര്‍ ഇവിടെ ഓടിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ റജിസ്‌ട്രേഷന്‍ മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം. എന്നാല്‍, ഫൈസലിന്റെ കാര്‍ കൊടുവള്ളിയില്‍ എത്തി ഒരു വര്‍ഷം പിന്നിട്ടിട്ടും റജിസ്‌ട്രേഷന്‍ മാറുവാനോ നികുതി നല്‍കുവാനോ തയാറായിട്ടില്ലെന്നാണ് കണ്ടെത്തല്‍.
പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ-01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. നമ്പര്‍-4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട്, ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. ഇയാളുടെ വീടിന്‍റെ അഡ്രസ്സിലാണ് ഫൈസല്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്തിരിക്കുന്നത്. റജിസ്‌ട്രേഷന്‍ മാറ്റാതെയോ വാഹന വകുപ്പിന്റെ അനുമതി ലഭിക്കാതെയോ ഇനി ഈ കാര്‍ നിരത്തിലെത്തിയാല്‍ പിടിച്ചെടുക്കാനും പിഴ ഇടാക്കിയ ശേഷം മാത്രം വിട്ടുനല്‍കിയാല്‍ മതിയെന്നും വാഹന വകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 44 ലക്ഷം രൂപ വില വരുന്ന കാറാണ് മിനി കൂപ്പര്‍.