ഇന്ത്യയില്‍ ചൈനീസ്‌ ഉത്പന്നങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ; വിപണിയില്‍ വിലക്കയറ്റത്തിന് സാധ്യത

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന ഡോക് ലാം സംഘര്‍ഷത്തിന്‍റെ പ്രതിഫലനം എന്നോണം ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ. കടുത്ത ഗുണമേന്മ പരിശോധനയും അംഗീകൃത ഏജന്‍സികള്‍വഴി വേണം ഇറക്കുമതിയെന്ന നിബന്ധനയുമാണ് പുതിയതായി കൊണ്ടുവന്നത്. നിലവില്‍ രാജ്യത്തെ 5000 കോടിയോളം മൂല്യമുള്ള കളിപ്പാട്ടവിപണിയില്‍ 70 ശതമാനവും ചൈനയുടെ വിഹിതമാണ്. ഇതില്‍ പലതും തീരെ ഗുണമേന്മ ഇല്ലാത്തതാണ് എന്നാല്‍ ഇനി മുതല്‍ ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേഴ്‌സിന്റെ മാനദണ്ഡപ്രകാരം ഗുണമേന്മയുള്ള കളിപ്പാട്ടങ്ങള്‍മാത്രമാണ് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കു. കളിപ്പാട്ടങ്ങളിലെ രാസവസ്തുക്കള്‍ പരിശോധിക്കുന്നതോടൊപ്പം തീപ്പിടുത്തസാധ്യതയും വിലയിരുത്തും. രാജ്യത്തെ ടയര്‍ നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കും ഉപയോഗിക്കുന്ന റേഡിയല്‍ ടയറുകള്‍ക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് ആന്റി ഡമ്പിങ് ഡ്യൂട്ടി ഏര്‍പ്പെടുത്തി.

ഇത് കഴിഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത്. വിവരങ്ങള്‍ ചോര്‍ത്തല്‍, മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം 21 സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവയിലേറെയും ചൈനീസ് കമ്പനികളാണ്. രാജ്യത്തെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ ടെലികോം ഉപകരണങ്ങള്‍ വഴി കഴിയുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ നടപടി വിപണിയില്‍ വിലവര്‍ധനവിന് കാരണമാകും എന്നും പറയുന്നുണ്ട്. വളരെ വിലക്കുറവിലാണ് ചൈനയില്‍ നിന്നും ഉത്പന്നങ്ങള്‍ വന്നിരുന്നത്. ഇവയോട് പിടിച്ച് നില്ക്കാന്‍ മറ്റുള്ളവരും വില കുറച്ചാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റിരുന്നത്. എന്നാല്‍ ചൈനീസ്‌ ഉത്പന്നങ്ങള്‍ വരാതിരുന്നാല്‍ മറ്റുള്ളവര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുവാന്‍ സാധിക്കും.