ജര്‍മ്മന്‍ ശക്തിക്ക് മുന്നില്‍ തോറ്റ് തൊപ്പിയിട്ട് റോഡ്‌ കുത്തിപ്പൊളിക്കാന്‍ എത്തിയ ജെ സി ബി ; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ : ടാര്‍ ചെയ്ത ഉടന്‍ പുതിയ റോഡുകള്‍ വെട്ടിപ്പൊളിക്കുക നമ്മുടെ നാട്ടിലെ ഒരു പ്രധാന വിനോദമാണ്. അതൊന്നും നടന്നില്ല എങ്കില്‍ ഒരു മഴ പെയ്തു തോര്‍ന്ന ഉടന്‍ റോഡുകള്‍ മുഴുവന്‍ തോടുകളായി മാറുകയും ചെയ്യും. എത്രയൊക്കെ കാശ് മുടക്കി നിര്‍മ്മിക്കുന്ന റോഡ്‌ ആണെങ്കിലും തൊട്ടാല്‍ പൊട്ടുന്ന തരത്തിലാണ് പലതിന്റെയും നിര്‍മ്മാണം. എന്നാല്‍ അതിനൊക്കെ അപവാദമായി മാറിയിരിക്കുകയാണ് ആലപ്പുഴ ദേശിയപാത. ജര്‍മ്മന്‍ യന്ത്രമായ ‘വിട്ജന്‍’ ആണ് ഇവിടെ താരമായത്. ജര്‍മ്മന്‍ യന്ത്രമായ ‘വിട്ജന്‍’ ഉപയോഗിച്ച് ആലപ്പുഴയില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ റോഡ് നിര്‍മ്മാണമാണ് ഏവരെയും അമ്പരപ്പിച്ചത്. ആലപ്പുഴ ദേശീയപാതയില്‍ പൂര്‍ത്തിയാക്കിയ റോഡിന്റെ അരികിളക്കാന്‍ ശ്രമിച്ച ജെ.സി.ബിയുടെ പല്ലൊടിയുകയായിരുന്നു. റോഡിന്റെ ‘ജര്‍മ്മന്‍’ കരുത്ത് കണ്ട് ഉദ്യോഗസ്ഥര്‍ പോലും അമ്പരന്നു. കോണ്‍ക്രീറ്റ് മുറിക്കുന്ന ബ്‌ളേഡ് മറ്റൊരു യന്ത്രത്തില്‍ ഘടിപ്പിച്ചാണ് ഇളക്കിയത്. പത്തുകോടിയാണ് ജര്‍മ്മന്‍ യന്ത്രത്തിലെ വില.

പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിലെ പുറക്കാട്ട് നിന്ന് ധനമന്ത്രി തോമസ് ഐസകിന്റെ മണ്ഡലമായ ആലപ്പുഴയിലെ പാതിരപ്പള്ളി വരെയുള്ള 22 കിലോമീറ്ററിലായിരുന്നു വിട്‌ജെന്‍ പരീക്ഷണം. പാതിരപ്പള്ളിയില്‍ തലേന്ന് അവസാനിപ്പിച്ച ഭാഗത്ത് നിന്ന് പിറ്റേന്ന് വീണ്ടും തുടങ്ങവേയാണ് അരികുഭാഗം കുറച്ച് പൊളിക്കാന്‍ ശ്രമിച്ചത്. ജെ.സി.ബി പരമാവധി നോക്കിയിട്ടും ഇളകിയില്ല. ആഞ്ഞൊന്ന് പിടിച്ചപ്പോള്‍ ഒന്നുരണ്ട് പല്ല് ഒടിഞ്ഞുവീണു. ഇതുകണ്ട എന്‍ജിനീയര്‍മാരും ആശ്ചര്യപ്പെട്ടു. പുതിയ നിര്‍മ്മിതിയിലെ റോഡിന് ഇത്രത്തോളം കരുത്തുണ്ടാവുമെന്നത് അവരും അറിഞ്ഞിരുന്നില്ല. ഇതുവരെ നടത്തിയ അറ്റകുറ്റപ്പണികളില്‍ ഏറ്റവും മികച്ചതെന്നാണ് ഇതര റോഡ് കരാറുകാര്‍ പോലും ദേശീയപാത അറ്റകുറ്റപ്പണിയെ വിശേഷിപ്പിക്കുന്ന്. വാഹനമോടിക്കുന്നവര്‍ക്ക് ഒഴുകി നീങ്ങുന്ന അനുഭൂതി. ബൈക്കുകളില്‍ പായുന്ന ഫ്രീക്കന്‍മാരെ മാത്രം സൂക്ഷിച്ചാല്‍ മതിയെന്നാണ് പൊതുവെയുള്ള അഭിപ്രായം.