ഭൂമി പരന്നതാണ് എന്ന് തെളിയിക്കാന്‍ സ്വന്തമായി റോക്കറ്റ് ഉണ്ടാക്കി പറക്കാന്‍ ഒരുങ്ങി ഒരു അമേരിക്കക്കാരന്‍

അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ മൈക് ഹ്യൂഗ്‌സ് ആണ് ഭൂമി പരന്നതാണെന്നും നാസയുള്‍പ്പെടെയുള്ളവര്‍ തയ്യാറാക്കിയ ഗൂഢാലോചനയാണ് ഭൂമി ഉരുണ്ടതാണ് എന്നുമുള്ള ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ വാദം തെളിയിക്കുന്നതിനായി റോക്കറ്റില്‍ കയറി മുകളിലേക്ക് പറക്കാനുള്ള ശ്രമത്തിലാണ് ഹ്യൂഗ്‌സ്. ശനിയാഴ്ചയാണ് ഇദ്ദേഹം ആകാശത്തേക്ക് പറക്കാന്‍ ഒരുങ്ങുന്നത്. ഇതിനുവേണ്ടി സ്വന്തമായി ഒരു റോക്കറ്റ് പോലും ഇദ്ദേഹം നിര്‍മ്മിച്ചു. എന്നാല്‍ വലിയ എഞ്ജിനീയറോ ശാസ്ത്രജ്ഞനോ അല്ല കക്ഷി ആഡംബര കാറായ ലിമോസിന്‍ ഓടിക്കുന്ന ഒരു സാധാരണ ഡ്രൈവറാണ് ഇദ്ദേഹം. വയസ് അറുപത് കഴിഞ്ഞു എങ്കിലും മരിക്കുന്നതിനു മുന്‍പ് ഭൂമി പരന്നതാണെന്ന് തെളിയിച്ചെ അടങ്ങു എന്ന വാശിയിലാണ് ഹ്യൂഗ്‌സ്.

കാലിഫോര്‍ണിയയിലെ മൊജാവ് മരുഭൂമിയില്‍ നിന്നാണ് ഇദ്ദേഹം റോക്കറ്റ് യാത്ര നടത്തുക. തന്റെ റോക്കറ്റ് 1800 അടി ഉയരത്തിലെങ്കിലുമെത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. മുകളിലെത്തി ഭൂമിയുടെ ചിത്രം പകര്‍ത്തി തിരികെയെത്താനാണ് മൈക് ഹ്യൂഗ്‌സ് പദ്ധതിയിട്ടിരിക്കുന്നത്. ഇതു ആദ്യത്തെ തവണയല്ല 2014 ല്‍ സ്വയം റോക്കറ്റ് ഉണ്ടാക്കി പരീക്ഷണം നടത്തിയ ആളാണ് പുള്ളി. എന്നാല്‍ അന്ന് ആ പരീക്ഷണം പരാജയപ്പെട്ടു.തകര്‍ന്നു വീണ റോക്കറ്റില്‍ നിന്നും ഭാഗ്യത്തിനാണ് ഹ്യൂഗ്സ് രക്ഷപ്പെട്ടത്. ആയുസിന്റെ ബലം കൊണ്ട് ജീവന്‍ തിരികെ ലഭിക്കുകയും ചെയ്തു. അന്നത്തെ അപകടം രണ്ടാഴ്ച ഇദ്ദേഹത്തെ ആശുപത്രി കിടക്കയിലാക്കിയിരുന്നു.