കളിപ്പിക്കുന്നില്ലെങ്കില്‍ , ലീഗിനിടയ്ക്ക് ടീം മാറാം; ഐപിഎല്ലില്‍ ഇത്തവണ കളിമാറും; പുതിയ സീസണില്‍ മാറ്റങ്ങളേറെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് തുടക്കമാകാന്‍ ഇനിയിമ്മ ധാരാളം സമയമാവശേഷിക്കുന്നുണ്ട്.ഒത്തുകളി വിവാദത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ ഇത്തവണ തിരിച്ചെത്തുന്നു എന്നതുകൊണ്ട് തന്നെ ഇത്തവണ ആകാംക്ഷയിലാണ് ആരാധകര്‍, ആവേശത്തിലും. എന്നാല്‍, ഈ ടീമുകള്‍ തിരിച്ചു വരുമ്പോള്‍ താരങ്ങളെപ്പറ്റിയുള്ള ആശങ്കയും ആരാധകര്‍ക്കുണ്ട്.

ഐ.പി.എല്ലിന്റെ തുടക്കം മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായിരുന്ന മഹേന്ദ്ര സിങ് ധോണി ഉള്‍പ്പെടെയുള്ളവരുടെ ഭാവിയെച്ചൊല്ലിയാണ് ആകാംക്ഷയേറെയും. ഈ ടീമുകള്‍ തിരിച്ചെത്തുമ്പോള്‍ നിലവില്‍ മറ്റു ടീമുകള്‍ക്കു കളിക്കുന്ന ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏതു ടീമിന്റെ ഭാഗമാകുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

ഇതേക്കുറിച്ച് ഐ.പി.എല്‍ അധികൃതര്‍ക്കും ടീം മാനേജ്‌മെന്റുകള്‍ക്കും ആശങ്കയുണ്ടെന്നുള്ളതാണ് സത്യം. പതിവുപോലെ ടീമംഗങ്ങളില്‍ ചിലരെ നിലനിര്‍ത്തി മറ്റുള്ളവരെ ലേലത്തില്‍ വയ്ക്കണമെന്ന് ടീമുടമകള്‍ ആവശ്യപ്പെടുന്നുണ്ട്.അതേസമയം, കളിക്കാരെ ആരെയും നിലനിര്‍ത്താതെ എല്ലാവരെയും ലേലത്തിനു വിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഈ വിഷയങ്ങളെല്ലാം കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ.പി.എല്‍ ടീം ഉടമകളുടെ യോഗത്തില്‍ ചര്‍ച്ചയായി. മിക്ക വിഷയങ്ങളിലും ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നെങ്കിലും ഒന്നിലും അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം, രാജ്യാന്തര ഫുട്‌ബോള്‍ ലീഗുകളില്‍ പതിവുള്ളതുപോലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ ഐപിഎല്ലിലും അവതരിപ്പിക്കുന്ന കാര്യം ഐ.പി.എല്‍ അധികൃതര്‍ പരിഗണിക്കുന്നതായാണ് വിവരം. അതായത്, ടീം ഒരു താരത്തെ വിളിച്ചെടുത്തതുകൊണ്ടു മാത്രം ആ താരം ടീമിന്റെ ഭാഗമാകുന്നില്ല. ടീം അയാള്‍ക്ക് മതിയായ അവസരങ്ങള്‍ കൂടി ഉറപ്പാക്കണം.

ആദ്യത്തെ ഏഴു കളികളില്‍ ഒരു താരത്തിന് അവസരം ലഭിക്കുന്നില്ലെങ്കില്‍ അയാള്‍ക്ക് ടീം മാറാന്‍ അവസരം നല്‍കുന്നതാണ് പുതിയ നയം. താരം ടീം മാറാന്‍ ഒരുങ്ങുകയും അയാളെ സ്വീകരിക്കാന്‍ മറ്റു ടീമുകള്‍ തയാറാവുകയും ചെയ്താല്‍ കൂടുമാറ്റം നടത്താം.

സീസണ്‍ പുരോഗമിക്കുമ്പോള്‍ ചില താരങ്ങള്‍ക്ക് അവരുടെ ടീമുകളില്‍ അവസരം ലഭിക്കാതിരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആദ്യത്തെ ഏതാനും മല്‍സരങ്ങള്‍ കൊണ്ടുതന്നെ മിക്ക ടീമുകളും അവര്‍ക്ക് വേണ്ട താരങ്ങളെ കണ്ടെത്താറുണ്ട്. പിന്നീട് ഈ താരങ്ങളെ വച്ചാകും ഇവര്‍ മുഴുവന്‍ മല്‍സരങ്ങളും കളിക്കുക. ടീമിന്റെ ബാലന്‍സിനെ ബാധിക്കുമെന്നതിനാല്‍ പുറത്തുള്ള താരങ്ങളെ സാധാരണ ടീമിലേക്കു പരിഗണിക്കാറുമില്ല. ഈ സാഹചര്യം മാറ്റാന്‍ ഉദ്ദേശിച്ചാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ അവതരിപ്പിക്കുന്നത്.