36 വര്‍ഷം പഴക്കമുള്ള കേക്കിന്റെ കഷണം ലേലത്തിന് ; വാങ്ങാന്‍ ആരാധകരുടെ തിരക്ക്

നമ്മുടെ നാട്ടില്‍ ആയിരുന്നേല്‍ ഭക്ഷ്യവകുപ്പ് കേസെടുത്ത് എല്ലാവരെയും അകത്താക്കിയേനെ. ഇവിടെ രണ്ടു മൂന്ന് ദിവസം പഴകിയാലെ ആഹാരസാധങ്ങള്‍ മണത്തു നോക്കുവാന്‍ പോലും കഴിയില്ല. അപ്പോഴാണ്‌ 36 വര്‍ഷം പഴക്കമുള്ള കേക്കിന്റെ കഷണം ലേലത്തിന് വെക്കുന്നത്. അത് വാങ്ങാന്‍ നില്‍ക്കുന്നവരുടെ നിര കണ്ടാല്‍ അത്ഭുതം തോന്നുക സ്വാഭാവികം. എന്നാല്‍ നമ്മുടെ നാട്ടിലെ സാദാ ബേക്കറികളില്‍ കിട്ടുന്ന കേക്ക് അല്ല അന്തരിച്ച ഡയാന രാജകുമാരിയുടെയും പ്രിന്‍സ് ചാള്‍സിന്റെയും രാജകീയ വിവാഹത്തിലെ കേക്കിന്റെ ഭാഗമാണ് ലേലം ചെയ്യുന്നത്.

36 വര്‍ഷം പഴക്കമുള്ള കേക്കിന്റെ ഭാഗമാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. 1981ലാണ് ഡയാന രാജകുമാരിയുടെയും പ്രിന്‍സ് ചാള്‍സിന്റെയും വിവാഹം നടന്നത്. പ്രത്യേകം തയാറാക്കിയ പെട്ടിയിലാണ് കേക്ക് സൂക്ഷിച്ചിരിക്കുന്നത്. ബോക്‌സിന്റെ പുറം ഭാഗത്ത് ‘സി.ഡി, ബക്കിങ്ഹാം കൊട്ടാരം, 1981 ജൂലൈ 29,’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 800 ഡോളറാണ് കേക്കിന്റെ വില. രാജദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച കാര്‍ഡുകളും ഇതിനോടൊപ്പമുണ്ട്. 1981 ജൂലൈ 29 ന് നടന്ന കല്യാണത്തിനു വേണ്ടി റോയല്‍ നാവിക പാചക സ്‌കൂളിലെ തലവനായ ഡേവിഡ് അവിവെയാണ് കേക്കിന് രൂപകല്പന നല്‍കിയതും, പാകം ചെയ്തതും.