മുത്തലാക്ക് തടയുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി
ന്യൂഡല്‍ഹി: ഏറെ ചര്‍ച്ച ചെയ്ത മുത്തലാക്ക് മുസ്ലിം സമുദായത്തിലെ വിവാഹ മോചനത്തിനു ഉപയോഗിക്കുന്നതു തടയുന്നതിനുള്ള കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ബില്ലില്‍ അഭിപ്രായം തേടുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മുത്തലാക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരേ മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് കരട് ബില്ല് രൂപീകരിച്ചിരിക്കുന്നത്.
15ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. അതിനാല്‍ എത്രയും വേഗത്തില്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മുത്തലാക്കിനു സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിരോധനം നിയമ വിധേയമാക്കുന്നതിനായാണ് സര്‍ക്കാര്‍ കരട് ബില്‍ തയാറാക്കിയിരിക്കുന്നത്. ഇതിനായി ഒരു മന്ത്രിതല സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് തയാറാക്കിയത്.
മുത്തലാക്ക് ഉപയോഗിക്കുന്നത് വാക്കാലാണെങ്കിലും രേഖാമൂലമുള്ളതാണെങ്കിലും ഇ-മെയില്‍, എസ്എംഎസ്, വാട്‌സ് ആപ്പ് എന്നിങ്ങനെയുള്ള ഇലക്ട്രോണിക് സന്ദേശങ്ങളാണെങ്കിലും കുറ്റകരമാകുന്ന വിധത്തിലാണ് വ്യവസ്ഥകള്‍. കൂടാതെ ജാമ്യം ലഭിക്കാനാവാത്ത വിധത്തിലുള്ള വ്യവസ്ഥകളും കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സൂചനയണ്ട്. മുത്തലാക്കിനു വിധേയയാവുന്ന സ്ത്രീകള്‍ക്ക് ജീവനാംശവും നല്‍കേണ്ടിവരും. സ്ത്രീക്ക് മജിസ്‌ട്രേറ്റിനെ സമീപിച്ച് തനിക്കും കുട്ടികള്‍ക്കും ജീവനാംശം ലഭിക്കാനായി പരാതി നല്‍കാം.