ഐപിഎല്‍ താര ലേലം ജനുവരിയില്‍;ധോണി ചെന്നൈയിലേക്ക് തിരികെയെത്തും
മുംബൈ: ഐ.പി.എല്‍ 11-ാം സീസണിലേക്കുള്ള താരലേലം ജനുവരി അവസാന വാരം നടക്കും.ഗോവയാകും ഇത്തവണത്തെ താരലേലത്തിന് വേദിയാവുക.എന്നാല്‍ ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ഗോവയ്ക്ക് പകരം മറ്റൊരു വേദിയും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്.
നിലവിലുള്ള ടീമുകള്‍ക്ക് പുറമെ കോഴ വിവാദത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ചെന്നൈയും,രാജസ്ഥാനും മടങ്ങി വരുന്നു എന്നതാണ് പ്രത്യേകത.രണ്ട് വിദേശ താരമടക്കം അഞ്ച് പേരെയാണ് ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. താരലേലത്തില്‍ ടീമുകള്‍ക്ക് ആകെ ചിലവഴിക്കാനുള്ള പരമാവധി തുക 66 കോടിയില്‍ നിന്ന് 80 കോടിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം 2015-ല്‍ ടീമിലുണ്ടായിരുന്ന കളിക്കാരെ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും രാജസ്ഥാന്‍ റോയല്‍സിനും അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ എം.എസ്.ധോണി ചെന്നൈ ടീമില്‍ നായകനായി തിരിച്ചെത്തുമെന്ന് ഉറപ്പായി. ഐ.പി.എല്‍ പത്ത് വര്‍ഷം പിന്നിട്ടതിനാല്‍ വരുന്ന സീസണില്‍ എല്ലാ ടീമുകളിലും അഴിച്ചുപണിയുണ്ടാകും.