ലാലേട്ടനെ ചെറുപ്പമാക്കിയത് മാരകവിഷം കുത്തിവെച്ച് എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷമാക്കിയ ഒന്നാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ തന്‍റെ പുതിയ ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച് ചെറുപ്പക്കാരന്‍ ആയത്. 51 ദിവസം കൊണ്ട് 18 കിലോ ശരീരഭാരമാണ് ലാലേട്ടന്‍ കുറച്ചത്. ശരീരഭാരം കുറച്ച് രൂപം മാറ്റി വന്ന ലാലേട്ടനെ മലയാളികള്‍ക്ക് പെട്ടന്ന്‍ തിരിച്ചറിയാന്‍ പറ്റിയില്ല എന്ന് തന്നെ വേണമെങ്കില്‍ പറയാം. ഫ്രാന്‍സില്‍ നിന്നുമെത്തിയ വിദഗ്ദന്മാരുടെ കഠിനമായ പരിശീലനത്തിലൂടെയായിരുന്നു മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് മേക്ക് ഓവര്‍ നടത്തിയിരുന്നത്. അതേസമയം മുഖം ചെറുപ്പമാക്കാന്‍ ഒരു മാരകമായ വിഷമാണ് ലാലേട്ടന്‍ തന്‍റെ മുഖത്ത് കുത്തിവെച്ചത് എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖത്തിന്റെ പ്രായം കുറയ്ക്കുന്നതിനായി ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാര്‍ എടുക്കുന്ന ഇഞ്ചക്ഷനായ ബോട്ടോക്‌സ് ആണ് ലാലേട്ടന് കുത്തി വെച്ചത് എന്ന് പറയപ്പെടുന്നു.
നേരത്തെ മമ്മൂട്ടിയും ഇത് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ക്‌ളോസ്ട്രീഡിയം ബോട്ടുലിനം (Clotsridium Botlinum) എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു വിഷവസ്തു (Toxin) ആണ് ബോട്ടുലിനം ടോക്‌സിന്‍. മനുഷ്യന് അറിവുള്ളതില്‍ വെച്ചേറ്റവും അപകടകരമായ ഒരു പോയിസണ്‍. ടിന്നില്‍ അടച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണ്ടും വണ്ണം അണുവിമുക്തമാക്കാത്തത് മൂലം അവയില്‍ ഈ ബാക്ടീരിയ വളരാം. ഈ ഭീകരവിഷത്തെ മെരുക്കിയെടുത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. ഇന്ന് അനേകം രോഗചികിത്സകളില്‍ ബോട്ടുലിനം ടോക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് ബ്രാന്‍ഡുകളാണ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ഇപ്പോഴുള്ളത്; Botox, Xeomin, Dysport എന്നിവയാണവ. ഏറ്റവും പോപ്പുലര്‍ Allergan കമ്പനിയുടെ Botox ആണ്. ടെട്രാപാക്കില്‍ വരുന്ന എല്ലാ ഡ്രിങ്കിന്റെയും പേര് ‘ഫ്രൂട്ടി’ എന്നായത് പോലെ ബോട്ടുലിനം ടോക്‌സിന്റെ അപരനാമമായി ‘ബോട്ടോക്‌സ്’ മാറുകയായിരുന്നു.
മനുഷ്യ മുഖത്ത് ധാരാളം മാംസപേശികളുണ്ട്. ഈ മാംസപേശികളാണ് നമ്മെ ചിരിക്കാനും ഗോഷ്ടി കാണിക്കാനും കണ്ണടയ്ക്കാനും തുറക്കാനും ചുണ്ടുകള്‍ കൂര്‍പ്പിക്കാനും ഒക്കെ സഹായിക്കുന്നത്. പ്രായം ചെല്ലുന്തോറും ഈ മാംസപേശികളുടെ മുകളിലുള്ള ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഈ പേശികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നു. ബോട്ടുലിനം ടോക്‌സിന്‍ ഈ പേശികളില്‍ കുത്തിവെച്ചാല്‍ അവ പ്രവര്‍ത്തിക്കാതാകുന്നത് മൂലം ചുളിവുകള്‍ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ ഈ കുത്തിവെപ്പുകള്‍ സ്ഥായിയായ ഫലം നല്‍കുന്നില്ല, കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതായി വരും. കുറേ പ്രാവശ്യം ചെയ്തു കഴിയുമ്പോള്‍, വ്യായാമമില്ലാത്ത ഏതു മാംസപേശിയും ചുരുങ്ങുന്നത് പോലെ ഇവയും ചുരുങ്ങും, അവസാനം ആളിന്റെ മുഖത്ത് ഒരു എക്‌സ്പ്രഷനും വരാത്ത സ്ഥിതിയാകുമെന്നും വിദഗ്ധര്‍ പറയുന്നു.കനത്ത വേദനയാണ് ഇത് ശരീരത്തില്‍ കുത്തിവെയ്ക്കുന്ന സമയം അനുഭവിക്കേണ്ടിവരുന്നത്. കൂടാതെ കനത്ത തലവേദന, ശരീരവേദന, തളര്‍ച്ച, പനി,ചുമ , ജലദോഷം എന്നിവയും കുത്തിവെപ്പ് സ്വീകരിക്കുന്ന വ്യക്തിക്ക് അനുഭവപ്പെടാറുണ്ട്.