മോഷ്ടാവെന്നു കരുതി പിതാവിന്റെ വെടിയേറ്റു മരിച്ചത് 22-കാരന്‍ സ്വന്തം മകന്‍

പി.പി. ചെറിയാന്‍

കൂള്‍മാന്‍ (അലബാമ): ക്രിസ്മസ് രാത്രിയില്‍ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് പിതാവ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 22 വയസ്സുള്ള മകന്‍ ലോഗന്‍ ട്രാമല്‍. ലോഗന്‍ രാത്രി പതിനൊന്നരയോടെ പിതാവിന്റെ ട്രക്ക് സ്റ്റാര്‍ട്ട് ചെയ്തു.

അല്‍പദൂരം മുന്നോട്ടെടുത്തപ്പോള്‍ ആരോ ട്രക്ക് മോഷ്ടിച്ചതായി ലോഗന്റെ പിതാവിന് തോന്നി.ഉടനെ ട്രക്ക് സ്റ്റോപ് ചെയ്യണമെന്ന് അലറി വിളിച്ചിട്ടും കേള്‍ക്കാതിരുന്നതിനാല്‍ ആദ്യം വാണിങ്ങ് ഷോട്ട് നടത്തി ഡ്രൈവറുടെ ശ്രദ്ധ തിരിക്കുവാന്‍ ശ്രമിച്ചു. ട്രക്ക് നിര്‍ത്താതിരുന്നതിനാല്‍ വീണ്ടും വെടിവച്ചു. ട്രക്ക് നിന്ന് എന്ന് ബോധ്യമായതോടെ ഓടിയെത്തി ഡോറിലൂടെ നോക്കിയപ്പോഴാണ് തനിക്ക് തെറ്റുപറ്റിയെന്ന് പിതാവിന് മനസ്സിലായത്.

വെടിയേറ്റ മകന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഇതൊരു അപകടമരണമാണെന്നാണ് കൂള്‍മാന്‍ കൗണ്ടി ഷെറിഫ് പറഞ്ഞത്. നല്ലൊരു ഗായകനും, ഗാനരചയിതാവുമായ ലോഗന്‍ ഭാവിയില്‍ നല്ലൊരു കണ്‍ട്രി സ്റ്റാര്‍ ആകണമന്ന് പ്രതീക്ഷയിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ലോഗിന്റെ മരണത്തില്‍ കുടുംബാംഗങ്ങള്‍ തീര്‍ത്തും നിരാശരാണ്. ലോഗിന്റെ കുടുംബാംഗങ്ങള്‍ക്കാവശ്യമായ സഹായങ്ങളും, പ്രാര്‍ത്ഥനകളും നല്‍കണമെന്ന് കൗണ്ടി ഷെറിഫ് അഭ്യര്‍ത്ഥിച്ചു.