1.5 ബില്യന്‍ ഡോളര്‍ ലോട്ടറിക്ക് അവകാശിയില്ല, കമ്മീഷന്‍ ലഭിക്കേണ്ട ഇന്ത്യന്‍ സ്റ്റോര്‍ ഉടമ ത്രിശങ്കുവില്‍

പി.പി. ചെറിയാന്‍

സൗത്ത് കരോളിനാ: ഒക്ടോബര്‍ ഇരുപതിന് രാത്രി 11 മണിക്ക് അമേരിക്കന്‍ ലോട്ടറി ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനതുകയായ 1.5 ബില്യണ്‍ ലോട്ടറി ലഭിച്ച വിജയിയെ ഇതുവരെ കണ്ടെത്താനായില്ല. ഇത്രയും വലിയ തുക കിട്ടിയതറിഞ്ഞ് ഉടനെ തന്നെ വീണു മരിച്ചതാണോ, അതോ മറ്റുള്ളവരില്‍ നിന്നും ഒളിച്ചോടിയതാണോ, അതോ പോലീസിന്റെ ബാക്ക് ഗ്രൗണ്ട് ചെക്ക് പേടിച്ചു പുറത്തിറങ്ങാത്തതാണോ എന്ന നിരവധി സംശയങ്ങളാണ് വിജയിയെ കുറിച്ചു പ്രചരിച്ചിരിക്കുന്നത്.

2019 ഏപ്രില്‍ 19നു മുമ്പു ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ആറു മാസത്തെ കാലാവധിയാണ് ടിക്കറ്റിനുള്ളത്. ഈ തിയ്യതിക്കു മുമ്പു ടിക്കറ്റ് ഹാജരാക്കുമെന്ന പ്രതീക്ഷയാണ് അധികൃതര്‍ക്ക്.ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് 858 മില്യണ്‍ ഡോളര്‍ കാഷ് ആയി ലഭിക്കും.സിംപ്സണ്‍(സൗത്ത് കരോളിന) കെ.സി.മാര്‍ട്ടില്‍ നിന്നാണ് ടിക്കറ്റ് വിറ്റിട്ടുള്ളത്.

ഈ സ്റ്റോറിന്റെ ഉടമ ഇന്ത്യന്‍ വംശജനായ ജി.പട്ടേലാണ്. 50,000 ഡോളറാണ് ടിക്കറ്റിന്റെ കമ്മീഷനായി ലഭിക്കുക. വിജയി ടിക്കററ് ഏല്‍പിച്ചു സമ്മാനം അവകാശപ്പെട്ടാല്‍ മാത്രമേ പട്ടേലിനു 50,000 ഡോളര്‍ ലഭിക്കുകയുള്ളൂ. എന്നാണ് വിജയി ടിക്കറ്റ് ഏല്പിക്കുന്നത് എന്ന പ്രതീക്ഷയില്‍ കഴിയുകയാണ് പട്ടേല്‍.