അങ്കമാലി കൊച്ചി അതിരൂപതയിലെ ഭൂമി വില്പന വിവാദം ; വിശ്വാസികള്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു

അങ്കമാലി : രൂപതയില്‍ നടന്നുവരുന്ന ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ ഇടപെടണം എന്ന് കാണിച്ച് ഒരു വിഭാഗം വിശ്വാസികള്‍ മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. ഭൂമിയിടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ഭൂമി ഇടപാടില്‍ നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നു എന്നാണ് ആരോപണം. ഇന്ത്യയിലെ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് ഭൂമിയിടപാടില്‍ നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആഞ്ചേരിയെ മാറ്റി നിര്‍ത്തി, ഒരു അന്വേഷണ കമ്മീഷനെക്കൊണ്ട് അന്വേഷണം നടത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സഭയുടെ നടപടിക്രമങ്ങള്‍ അനുസരിച്ച് മാര്‍പ്പാപ്പയ്ക്ക് തൊട്ടുതാഴെ വരുന്നയാളാണ് കര്‍ദിനാളെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കാനോനിക നിയമപ്രകാരം ഒരു പുരോഹിതനും സാധിക്കില്ലെന്നും മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്റെ ചെയര്‍മാര്‍ വി.ജെ. ഹൈസന്ത് പറഞ്ഞു. ഈ സാഹചര്യത്തിലാണ് പരാതിയുമായി വിശ്വാസികള്‍ മുന്നോട്ടു വന്നിരിക്കുന്നത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.