ഈ..ഈണങ്ങള്‍ കേട്ടാല്‍ അറിയാതെ നാം ചിരിക്കും, പിന്നെ ജഗതിയെ ഓര്‍ക്കും;ജഗതിയുടെ ഈണങ്ങള്‍ വായിച്ച് ഓര്‍ഫിയോ ചിരിപ്പിക്കുന്നു

യോദ്ധ എന്ന മോഹന്‍ ലാല്‍ ചിത്രത്തില്‍ എ.ആര്‍.റഹ്മാന്‍ ഈണം നല്‍കിയ ‘പടകാളി’ എന്ന ഗാനം വയലിനും,മറ്റു വാദ്യോപകരണങ്ങളുമുപയോഗിച്ച് വായിച്ച് അടുത്തിടെ മലയാളിയെ ഏറ്റവും ഹരംപിടിപ്പിച്ച ഓര്‍ഫിയോ എന്ന സംഗീതം സംഘത്തെ അത്ര പെട്ടന്നൊന്നും ആരും മറന്നുകാണില്ല. ഒരു കൂട്ടം പ്രതിഭാധനരായ വാദ്യോപകരണ വിദഗ്ധരുടെ ഈ കൂട്ടുകെട്ടിന്റെ പാട്ടുകള്‍ മലയാളികളുടെ മനം കവരുന്നവയാണ്.

ഇവരുടെ പുതിയ ഗാനം മലയാളികള്‍ കേള്‍ക്കുമ്പോള്‍ ഉള്ളില്‍ അറിയാതൊരു ചിരി പടര്‍ത്തും.കൂടാതെ ജഗതി ശ്രീകുമാറെന്ന കലാകാരനെ ഓര്‍ക്കുകയും ചെയ്യും.എന്തെന്നാല്‍ ജഗതി ശ്രീകുമാര്‍ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതമാണ് ഇത്തവണ ഇവര്‍ വായിക്കുന്നത്. പാട്ടിനൊപ്പം വിഡിയോയില്‍ ജഗതിയുടെ ആ നിത്യഹരിത ഹാസ്യരംഗങ്ങള്‍ കൂടിയായപ്പോള്‍ സംഗതി ശരിക്കും പൊളിച്ചു. ജഗതി ശ്രീകുമാറിന് പിറന്നാള്‍ സമ്മാനമായാണ് ഓര്‍ഫിയോ ഈ വിഡിയോ പുറത്തിറക്കിയത്.

കിലുക്കം ഉള്‍പ്പെടെയുളള ചിത്രങ്ങളിലെ പശ്ചാത്തല സംഗീതമാണ് വയലിനിലും കീബോര്‍ഡിലും ഡ്രംസിലുമൊക്കെയായി ഇവര്‍ വായിക്കുന്നത്. കുസൃതി നിറഞ്ഞ ഈണങ്ങള്‍ അത്രമേല്‍ മനോഹരമായി അവതരിപ്പിക്കുന്നു. റോബിന്‍ തോമസ്(പിയാനോ), കാരള്‍ ജോര്‍ജ്, ഫ്രാന്‍സിസ് സേവ്യര്‍(വയലിന്‍),ഹെറാള്‍ഡ് ആന്റണി(വയോള),മരിയ ഗ്രിഗോറേവ(സെല്ലോ),ബെന്‍ഹര്‍ തോമസ്(ഡ്രംസ്),ബിനോയ് തോമസ്(പെര്‍ക്കൂഷന്‍),റെക്‌സ് ഐസക്‌സ്(സ്ട്രിങ് അറേഞ്ച്‌മെന്റ്) എന്നിവരാണ് സംഘത്തിലുള്ളത്. വിഡിയോ ഫൈസല്‍ റാസിയാണ് സംവിധാനം ചെയ്തത്.