എല്‍ ഡി എഫില്‍ ചേക്കേറി ജെ ഡി യു ; തീരുമാനം സ്വാഗതാര്‍ഹമെന്ന് കോടിയേരി

തിരുവനന്തപുരം : യു ഡി എഫ് വിട്ട് എല്‍ ഡി എഫിലെയ്ക്കുള്ള ജെഡിയുവിന്‍റെ മുന്നണിമാറ്റം സ്ഥീരീകരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജെഡിയുവിന്‍റെ എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച തീരുമാനമുണ്ടായത്. 14 ജില്ല സെക്രെട്ടറിമാരും തീരുമാനത്തെ അനുകൂലിച്ചു. മുന്നണി മാറാന്‍ ഇതാണ് അനുകൂല സമയമെന്ന് വീരേന്ദ്രകുമാര്‍ പ്രതികരിച്ചു.ഇന്ന് സംസ്ഥാന നേതൃയോഗത്തിന് ശേഷം നാളെ സംസ്ഥാന കൗണ്‍സിലും ചേരുന്നുണ്ട്. കൗണ്‍സിലിലെ തീരുമാനം അന്തിമമാകും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക തീരുമാനമുണ്ടാകുക. ഡിസംബര്‍ 20ന് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. ബിജെപിയോടൊപ്പം ചേര്‍ന്ന ജെഡിയുവിന്‍റെ എംപിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു രാജി. രാജിക്ക് പിന്നാലെ ജെഡിയുവിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഎം എത്തിയിരുന്നു.

അതേസമയം യുഡിഎഫ് വിടാനുള്ള ജനതാദള്‍ (യു) വിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ വ്യക്തമാക്കി. നേരത്തെ എല്‍ഡിഎഫ് വിട്ട് പോയപ്പോള്‍ ജെഡിയുവിനോട് തീരുമാനം പുനഃപരിശോധിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ അതിന് അവര്‍ സന്നദ്ധമായത് ഇടത് മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമൊരുക്കുമെന്നും ഇതോടെ യു ഡി എഫിന്‍റെ സ്ഥിതി കൂടുതല്‍ പരുങ്ങലില്‍ ആയെന്നും കോടിയേരി പറഞ്ഞു. ഒരു ഉപാധികളും ആരും മുന്നോട്ട് വെച്ചിട്ടില്ല. ജെഡിയു എടുത്ത രാഷ്ട്രീയ തീരുമാനത്തെയാണ് തങ്ങള്‍ സ്വാഗതം ചെയ്യുന്നത്. ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കോടിയേരി പറയുന്നു.