ജപ്പാനില്‍ സയനൈഡിനേക്കാൾ മാരക വിഷം വഹിക്കുന്ന മത്സ്യം അറിയാതെ വില്‍പ്പന നടത്തി ; വാങ്ങിയവരെ അന്വേഷിച്ച് സര്‍ക്കാര്‍ നെട്ടോട്ടത്തില്‍
ടോക്കിയോ : സയനൈഡിനേക്കാൾ മാരക വിഷം വഹിക്കുന്ന മത്സ്യം വിറ്റുപോയതിന്റെ ആശങ്കയിലാണ് ജപ്പാൻ സര്‍ക്കാര്‍. ഫുഗു എന്ന മത്സ്യമാണ് ഇപ്പോള്‍ അവിടെയുള്ളവരുടെ ഉറക്കം കളഞ്ഞിരിക്കുന്നത്. മധ്യജപ്പാനിലെ ഗാമാഗോറി നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിൽനിന്ന് അഞ്ച് പായ്ക്കറ്റ് ഫുഗു മത്സ്യമാണ് വിറ്റുപോയത്. മത്സ്യത്തിന്റെ കൊടുംവിഷം ഉൾക്കൊള്ളുന്ന കരൾ നീക്കം ചെയ്യാതെയാണ് ഇവര്‍ മത്സ്യം വിറ്റത്. എന്നാല്‍ ഏറെക്കഴിഞ്ഞാണ് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ ഇക്കാര്യം അറിയുന്നത്. സംഭവം പുറത്തായതോടെ നടത്തിയ അന്വേഷണത്തിൽ മൂന്നു പായ്ക്കറ്റുകൾ കണ്ടെടുത്തു. എന്നാൽ ഇപ്പോഴും രണ്ടു പായ്ക്കറ്റുകൾ കണ്ടെത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്കു ഇടയാക്കിയിരിക്കുന്നത്. സാധാരണ ശൈത്യകാലത്തിൽ ഉപയോഗിക്കുന്ന വിലകൂടിയ മത്സ്യമാണ് ഫുഗു. മാരക വിഷം അടങ്ങിയതാണെങ്കിലും മാംസം അതീവ രുചികരമാണെന്നതാണ് ഈ മത്സ്യത്തെ പ്രിയപ്പെട്ടതാക്കുന്നത്. വിഷം നീക്കം ചെയ്തതിനു ശേഷമാണ് മീൻ വിൽപ്പനയ്ക്കു തയാറാക്കുന്നത്.
സയനൈഡിനേക്കാൾ 1,200 മടങ്ങ് മാരകമാണ് ഫുഗുവിന്റെ വിഷം എന്ന് പറയപ്പെടുന്നു. ഈ മീൻ ഭക്ഷണത്തിനായി തയാറാക്കുന്നത് അതീവ ശ്രദ്ധയോടെയാണ്. ചെറിയൊരു അശ്രദ്ധപോലും മരണകാരണമാകും. മീനിന്റെ കരളിലും മുട്ടയിലും പുറംതൊലിയിലുമാണ് വിഷം അടങ്ങിയിരിക്കുന്നത്. ഓരോവർഷവും ജപ്പാനിൽ ഇത്തരത്തിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ വിഷത്തിന് ഇതുവരെ മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ മീനിന്റെ വിഷം മനുഷ്യന്റെ നാഡിവ്യവസ്ഥയെയാണ് ബാധിക്കുന്നത്. ആദ്യം മുഖം മരവിക്കുകയും പിന്നീട് ശരീരം തളരുകയും മരണം സംഭവിക്കുകയും ചെയ്യും. ഫുഗു ഉപയോഗിക്കുന്നതിന് ലൈസൻസും പ്രത്യേക പരിശീലവും ആവശ്യമാണ്. മൂന്നു വർഷത്തെ പരിശീലനമാണ് നിഷ്കർഷിച്ചിരിക്കുന്നത്.




