ഇരട്ടപ്പദവി ആരോപണത്തെത്തുടര്‍ന്ന് 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കി; എഎപിക്കു തിരിച്ചടി

ന്യൂഡല്‍ഹി:പാര്‍ട്ടിക്കകത്തെ പോരില്‍ ഉഴറുന്ന ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വക കനത്ത പ്രഹരം വീണ്ടും. ഇരട്ടപ്പദവി വിവാദത്തില്‍പ്പെട്ട 20 എഎപി എംഎല്‍എമാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ തിരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ചിട്ടുണ്ട്.എന്നാല്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം നിയമപരമായി നേരിടാനാണ് എഎപി തീരുമാനം.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം സ്വന്തമാക്കിയതിനു പിന്നാലെയാണ് എഎപി എം.എല്‍.എമാര്‍ ഇരട്ട പ്രതിഫലം പറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്.തുടര്‍ന്ന്,ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നു ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനെ ചുമതലപ്പെടുത്തി. എഴുപത് അംഗ നിയമസഭയില്‍ 67 എംഎല്‍എമാരാണ്എ എപിക്കുള്ളത്.

അധികാരമേറ്റ് ഒരുമാസത്തിനുള്ളിലാണു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍ 21 എഎപി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്.പാര്‍ലമെന്ററി സെക്രട്ടറിമാരുടേതു പ്രതിഫലം പറ്റുന്ന പദവിയാണെന്നും അതുകൊണ്ട് ഈ എംഎല്‍എമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് പ്രശാന്ത് പട്ടേല്‍ എന്ന അഭിഭാഷകനാണ് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയത്.

2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടു വരെ 21 എഎപി എംഎല്‍എമാര്‍ പാര്‍ലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായാണ് ആരോപണം ഉയര്‍ന്നത്.ആരോപണവിധേയരായ എംഎല്‍എമാരെ അയോഗ്യരാക്കിയത്തോടെ ഇവരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി.