ഐഎസ്എല്‍ ആവേശം: ബ്ലാസ്റ്റേഴ്സിനിന്ന് ജീവന്മരണ പോരാട്ടം;ജയിച്ചാല്‍ അഞ്ചാമത്

ഇന്ന് ജയിക്കണം ഇല്ലെങ്കില്‍ സെമിഫൈനല്‍ എന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല ബ്ലാസ്റ്റേഴ്സിന്. എതിരാളികളായ ഡല്‍ഹി ലീഗില്‍ അവസാന സ്ഥാനക്കാരാണെങ്കിലും തങ്ങളേക്കാള്‍ മികച്ച അക്രമണക്കാരികളാണവര്‍.സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നത് മാത്രമാണ് കേരളത്തിന് ആശ്വസിക്കാനുള്ള ത്.അതുകൊണ്ടുതന്നെ കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം നല്‍കില്ല. അത് കൊണ്ട് തന്നെ മികച്ച ടീമിനെ അണിനിരത്തിയാവും ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക.

ഇന്നത്തെ മത്സരം ജയിച്ചാല്‍ ഗോവക്ക് തൊട്ടുപിന്നില്‍ അഞ്ചാം സ്ഥാനത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് എത്താം. അത് കൊണ്ട് തന്നെ ഇന്ന് ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരങ്ങളില്‍ പരിക്ക് മൂലം കളിക്കാതിരുന്ന ബെര്‍ബെറ്റോവ് ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ടീമിലെത്തിച്ച ഐസ് ലാന്‍ഡ് താരം ഗുഡോണ്‍ ബാല്‍ഡ്‌വിന്‍സണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. ഗുഡോണും ബെര്‍ബെറ്റോവിനൊപ്പം ടീമിലിടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. സിഫ്നിയോസ് ടീം വിട്ടതിനു പിന്നാലെയാണ് ഗുഡോണ്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ എത്തിയത്.പുതിയ താരത്തെ മുന്‍നിര്‍ത്തി പോയിന്റ് പട്ടികയില്‍ കുതിച്ചുകയറാമെന്ന ലക്ഷ്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.കഴിഞ്ഞ തവണ ഡല്‍ഹിയെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സ് നിരയിലുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്നതിന് ശേഷം ജംഷഡ്പൂരിനോട് തോല്‍വിയേറ്റുവാങ്ങിയാണ് ഡല്‍ഹി ഡൈനാമോസ് ഇന്നിറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെ കുറെ അവസാനിച്ചതാണ്. 11 മത്സരങ്ങളില്‍ നിന്ന് വെറും 7 പോയിന്റുള്ള ഡല്‍ഹി സെമിഫൈനലില്‍ എത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും.