ഹ്യുമും കിസിറ്റോയുമില്ല;പക്ഷെ ഒരു സര്‍പ്രൈസ് സൂപ്പര്‍ താരമുണ്ട് ; സൂപ്പര്‍ കപ്പിനുളള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഐഎസ്എല്ലില്‍ വേണ്ടത്ര കലിപ്പടക്കാന്‍ കഴിയാത്ത കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിനുളള ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് വിദേശ താരങ്ങളടക്കം 23 അംഗ സ്‌ക്വാഡാണ് സൂപ്പര്‍ കപ്പിനായി ബ്ലാസ്റ്റേഴ്സ് അണിനിരത്തുക. പരിക്ക് ഭേദമാകാത്ത ഇയാന്‍ ഹ്യൂമും കിസിറ്റോയും സൂപ്പര്‍ കപ്പില്‍ കളിക്കാനുണ്ടാകില്ല. ഗോവയ്ക്കൊപ്പം ചേരാനിരിക്കുന്ന ജാക്കിചന്ദ് സിംഗും ടീമില്‍ ഇടംപിടിച്ചിട്ടില്ല.

അണ്ടര്‍ 17 താരം ഋഷി ദത്ത് ബ്ലാസ്റ്റേഴ്സ് സ്‌ക്വഡില്‍ ഉള്‍പ്പെട്ടതാണ് സര്‍പ്രൈസ്. ആറ് മലയാളി താരങ്ങളാണ് ടീമിലുളളത്. സി കെ വിനീത്, സഹല്‍ അബ്ദുല്‍ സമദ്, ജിഷ്ണു ബാലകൃഷ്ണന്‍, റിനോ ആന്റോ, പ്രശാന്ത് എന്നിവരാണ് ടീമിലെ മലയാളികള്‍.

സന്ദേഷ് ജിങ്കന്‍ തന്നെയാണ് ടീമിന്റെ നായകന്‍. വെ്സ് ബ്രൗണ്‍, പുള്‍ഗ, പെക്കൂസണ്‍, പോള്‍ റെച്ചുബക്ക തുടങ്ങിയവരാണ് വിദേശ താരങ്ങള്‍. ഏപ്രില്‍ ആറിന് ഐലീഗ് ക്ലബായ നെറോക എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.