ലേലത്തില്‍ ആരും വിളിച്ചില്ലെങ്കിലും ഈ ഐപിഎല്ലിലും മലിംഗയുണ്ടാകും

മുംബൈ: ലേലത്തില്‍ തഴയപ്പെടട്ടെങ്കിലും ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഈ വര്‍ഷത്തെ ഐപിഎല്ലിലുമുണ്ടാകും.പക്ഷെ കളിക്കാരനായല്ലെന്ന് മാത്രം. മുംബൈ ഇന്ത്യന്‍സാണ് മലിംഗയെ ഈ സീസണില്‍ ബൗളിംഗ് ഉപദേശകനായി നിയമിച്ചത്. ആദ്യ സീസണ്‍ മുതല്‍ മുംബൈയുടെ താരമായിരുന്നു മലിംഗ. മുംബൈ ഐ പി എല്ലില്‍ കളിച്ച 157 കളിയില്‍ 110ലും മലിംഗയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും വിളിക്കാതിരുന്നതിനെത്തുടര്‍ന്ന് മലിംഗ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയാണ് മുംബെയുടെ മുഖ്യ പരിശീലകന്‍. ഷെയ്ന്‍ ബോണ്ട് ബൌളിംഗ് കോച്ചും റോബിന്‍ സിംഗ് ബാറ്റിംഗ് കോച്ചും ജയിംസ് പെമെന്റ് ഫീല്‍ഡിംഗ് കോച്ചുമാണ്.