ചുമ്മാ പേരിനുമാത്രമല്ല ഇതാ ഹൈദ്രാബാദില്‍ നിന്നും ഒരു യഥാര്‍ത്ഥ ഇരട്ടചങ്കന്‍

പിണറായി മുഖ്യമന്ത്രി ആയതിനു ശേഷം മലയാളികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പരിചിതമായ ഒരു വാക്കാണ്‌ “ഇരട്ടചങ്കന്‍” എന്നത്. എന്നാല്‍ പേരിനു മാത്രമല്ല യഥാര്‍ത്ഥത്തില്‍ ഇരട്ടചങ്കുള്ള ഒരാളുടെ വാര്‍ത്തയാണ് ഹൈദ്രാബാദില്‍ നിന്നും വരുന്നത്. അപ്പോളോ ആശുപത്രിയിലാണ് സംഭവം. അവിടെ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗി പുറത്തെത്തിയത് മിടിക്കുന്ന രണ്ട് ഹൃദയങ്ങളുമായി. രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ക്കുന്ന പിഗ്ഗി ബാക്ക് ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് എന്ന പ്രക്രിയയിലൂടെയാണ് ഇദ്ദേഹം ഇരട്ട ഹൃദയത്തിന് ഉടമയായത്‌. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച മേകല നവീന്‍ കുമാര്‍ എന്ന പതിനേഴുകാരന്റെ ഹൃദയമാണ് ഇദ്ദേഹത്തിനു വേണ്ടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ സാധാരണയുള്ളതിനേക്കാള്‍ വലുപ്പമേറിയ ഹൃദയമായിരുന്നു രോഗിയുടേത്‌. ദാനം ചെയ്ത നവീന്‍ കുമാറിന്റെത് ആകട്ടെ തീര്‍ത്തും സാധാരണ വലുപ്പമുള്ള ഹൃദയവും. ശസ്ത്രക്രിയക്കിടെ രോഗിയുടെ ലങ് ബ്ലഡ് പ്രഷര്‍ കൂടി. ഇതോടെയാണ് രോഗിയുടെ ഹൃദയം നീക്കം ചെയ്യാതെ തന്നെ ദാതാവിന്റെ ഹൃദയം തുന്നിച്ചേര്‍ക്കാന്‍ ഡോക് ടര്‍മാര്‍ തീരുമാനിച്ചത്. രോഗിയുടെ പെരികാര്‍ഡിയത്തിന്റെ കുറച്ചു ഭാഗം നീക്കം ചെയ്താണ് പുതിയ ഹൃദയത്തിന് ആവശ്യമായ ഇടം കണ്ടെത്തിയത്. ഏഴു മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ശനിയാഴ്ചയാണ് അമ്പത്താറുകാരനായ രോഗി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിയത്. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.