തിരുവല്ലത്ത് ഘോഷയാത്രക്കിടെ പൊലീസുകാരെ ഓടിച്ചിട്ടുതല്ലി; അക്രമി സംഘം പോലിസ് പിടിയില്‍

തിരുവല്ലം പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസുകാരെ ആക്രമിച്ച സംഘം കസ്റ്റഡിയില്‍.എസ്‌ഐക്കും മൂന്നു പോലീസുകാര്‍ക്കും നേരെ അക്രമണമഴിച്ചുവിട്ട പത്തോളം പേരടങ്ങിയ അക്രമി സംഘത്തെയാണ് പോലീസ് പിടികൂടിയത്. സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം ഘോഷയാത്രക്കിടെ പൊലീസുകാരെ ഒരു സംഘം ആക്രമിക്കുന്നതിന്റെയും തല്ലിച്ചതയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുകയാണ്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

കസ്റ്റഡിയിലുള്ളവരുടെ ചിത്രങ്ങള്‍ പരിക്കേറ്റ പൊലീസുകാര്‍ തിരിച്ചറിഞ്ഞശേഷമായിരിക്കും തുടര്‍നടപടികളുണ്ടാവുകയെന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. തിരുവല്ലം എസ്.ഐ ശിവകമാര്‍,എസ്.എ.പി യിലെ പൊലിസുകാരായ ശ്യാം കുമാര്‍, വൈശാഖ്, ഷിബി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ഇവര്‍ വീട്ടിലേക്ക് മടങ്ങി.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടക്കുന്നത്. ചുടുകാട് മുടിപ്പുര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഘോഷയാത്രയില്‍ മദ്യപിച്ചെത്തിയ സംഘം ഇരുവിഭാഗങ്ങളായി തിരിഞ്ഞ് അടിയുണ്ടാക്കുകയായിരുന്നു. ഇവരെ തടയാനെത്തിയ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തിനിടെ പൊലീസികാര്‍ക്കുനേരെ കല്ലേറുമുണ്ടായി.

ഫോട്ടോയ്ക്കും വീഡിയോയ്ക്കും കടപ്പാട് ; ഏഷ്യാനെറ്റ് ന്യൂസ്