ജയ്പൂരില്‍ പരക്കെ സംഘര്‍ഷം, പോലീസുകാരന്‍ കൊല്ലപ്പെട്ടു; സഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ പ്രദേശവാസികളുമായുള്ള സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പത്തോളം ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ജയ്പൂരില്‍ വിവിധ മേഖലകളില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനും വിലക്ക് ഏര്‍പ്പെടുത്തി.

ജയ്പൂരില്‍ രാംഗഞ്ച് മേഖലയില്‍ പട്രോളിംങിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ മോട്ടോര്‍ ബൈക്ക് യാത്രികന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്ന വിവരം. ബൈക്ക് നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആളെ ഉദ്യോഗസ്ഥന്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. ശനിയാഴ്ച രാവിലെയോടെ സ്ഥിതിഗതികള്‍ വഷളായി. മേഖലയിലെ ഒരു പവര്‍ ഹൗസിനും ഒരു ആംബുലന്‍സ് ഉള്‍പ്പെടെ ഏതാനും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീക്കൊളുത്തി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.