മുംബൈയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; മൂന്നു മരണം
പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സ്വകാര്യ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം. സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. വ്യാഴം രാത്രി പതിനൊന്നേകാലോടെയാണു സംഭവമെന്നു പാല്‍ഘര്‍ കണ്‍ട്രോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രമോദ് പവാര്‍ അറിയിച്ചു.
സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനമാണുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സ്‌ഫോടനശബ്ദം 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാനായെന്നാണ് റിപ്പോര്‍ട്ട്.
സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. റാമെഡിയോ കെമിക്കല്‍സ് പ്ലാന്റിന്റെ ബോയിലര്‍ റൂമിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണു സംശയിക്കുന്നത്. താരാപുര്‍ ആറ്റമിക് പവര്‍ സ്റ്റേഷന്‍ തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.