പാടുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ യുവഗായകന്‍ മരിച്ചു

തിരുവനന്തപുരം : ഗാനമേളയ്ക്ക് പാടുന്നതിന്റെ ഇടയില്‍ വേദിയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന യുവ ഗായകന്‍ ഷാനവാസ് (30)നിര്യാതനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം മുടവന്‍ മുകള്‍ സ്വദേശിയാണ്. കഴിഞ്ഞ വ്യാഴാഴ്ച ചിറയിന്‍കീഴ് ശാര്‍ക്കര കോവിലില്‍ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. വേദിയില്‍ ഒരു മറ്റൊരു ഗായികയ്‌ക്കൊപ്പം പാടുകയായിരുന്ന ഷാനവാസ് പൊടുന്നനെ തല ചുറ്റി സ്റ്റേജില്‍ നിന്നും താഴേ വീഴുകയായിരുന്നു.

തലയിടിച്ചാണ് ഷാനവാസ് വീണത് ഇതാണ് മരണത്തിനു കാരണമായത്. തലയില്‍ രക്തം കട്ടപിടിച്ചതാണ് നില വഷളാക്കിയത്. ഉടനെ ആശുപത്രിയിലെത്തിച്ച ഷാനവാസിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആല്‍ബം , ടി വി പ്രോഗ്രാമുകള്‍ , ഗാനമേള എന്നിവയിലൂടെ പ്രശസ്തനാണ് ഷാനവാസ്. ഗായകന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനുമായുള്ള പ്രാര്‍ഥനയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. ഷംലയാണ് ഭാര്യ മക്കള്‍: നസ്രിയ, നിയ.