ചൈന ബാധ്യതയായി ; ഇന്ത്യയോടും ജപ്പാനോടും സഹായം അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക
ചൈനീസ് നിക്ഷേപം കാരണം പെരുകിയ കടം തീര്‍ക്കാന്‍ ഇന്ത്യയോടും ജപ്പാനോടും സഹായം അഭ്യര്‍ത്ഥിച്ച് ശ്രീലങ്ക. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഇന്ത്യയും ജപ്പാനും നിക്ഷേപം നടത്തണമെന്ന് ലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ആവശ്യപ്പെട്ടു. കൊളംബോയില്‍ ബിസിനസ് സമ്മേളനത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് വിക്രമസിഗം ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തിന് ചൈനയോട് ആശ്രിതത്വം കൂടുന്നുവെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് ഇന്ത്യന്‍ നിക്ഷേപത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി പരസ്യമായി സഹായം ആവശ്യപ്പെട്ടത്. തെക്കന്‍ തീരത്തെ ഹംബന്‍തോട്ട തുറമുഖം ചൈന മര്‍ച്ചന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിങ് കമ്പനിക്ക് 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയതു കഴിഞ്ഞകൊല്ലമാണ്. 110 കോടി ഡോളര്‍ വരുമാനം സര്‍ക്കാരിനു കിട്ടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വരുമാനത്തിന്റെ 80 ശതമാനവും കടം തീര്‍ക്കാനാണ് ചിലവിടുന്നതെന്നും ഹംബന്‍തോട്ട തുറമുഖം ഇപ്പോള്‍ രാജ്യത്തിന് തന്നെ ബാധ്യതയായെന്നും അദ്ദേഹം പറഞ്ഞു.
2015ല്‍ അധികാരത്തിലെത്തിയതുമുതല്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ കടുത്ത സമ്മര്‍ദ്ദമാണ് വിക്രമസിംഗെയ്ക്ക് നേരിടേണ്ടിവരുന്നത്. ഹംബന്‍തോട്ട തുറമുഖം ഉള്‍പ്പെടെ രാജ്യത്തെ പല വരുമാന സ്രോതസ്സുകളും ചൈനയ്ക്കു പണയം വച്ചിരിക്കുകയാണ്. ചൈന, ഇന്ത്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് നിക്ഷേപം വന്നാല്‍ മറ്റുള്ള രാജ്യങ്ങളും നിക്ഷേപം നടത്താന്‍ മുന്നോട്ടുവരും. യൂറോപ്പില്‍ നിന്നും നിക്ഷേപമെത്തുമെന്ന പ്രതീക്ഷിക്കുന്നതായും വിക്രമസിംഗെ പറയുന്നു.









