വെറും 1859 രൂപ മോഷ്ടിച്ചതിന് പോലീസിനെ പേടിച്ചു ഒരാള്‍ ഗുഹയില്‍ ഒളിച്ച് ജീവിച്ചത് 14 വര്‍ഷം

അടിച്ചു പൊളിക്കാന്‍ കൂട്ടം ചേര്‍ന്ന് 1859 രൂപ മോഷ്ടിച്ച ഒരാള്‍ പൊലീസിനെ ഭയന്ന് ഗുഹയില്‍ ഒളിച്ചത് 14 വര്‍ഷം. 2009 ലാണ് ഒരു ഗ്യാസ് സ്റ്റേഷന്‍ കവര്‍ച്ചാ സംഘത്തില്‍ പങ്കാളിയായ ഇയാള്‍ 156 യുവാന്‍ (ഏകദേശം 1,859 ഇന്ത്യന്‍ രൂപ) മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ 14 വര്‍ഷത്തോളമാണ് പൊലീസിനെ പേടിച്ച് ഒരു ഗുഹയില്‍ ഒളിച്ചിരുന്നത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എന്‍ഷി സിറ്റിയിലെ ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ലിയു മൗഫു എന്ന ആളാണ് ഇത്തരത്തില്‍ നീണ്ട കാലം ഒളിച്ച് ജീവിച്ചത്. മോഷണം നടത്തുന്ന സമയത്ത് ഇയാള്‍ക്ക് 30 വയസ്സ് ആയിരുന്നു. ഇയാളുടെ ഒരു ബന്ധുവും മറ്റൊരു സുഹൃത്തും ഉള്‍പ്പെടെ മൂന്ന് പേര്‍ അടങ്ങുന്ന സംഘമാണ് ഗ്യാസ് സ്റ്റേഷന്‍ കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നത്.

മോഷ്ടിച്ചെടുത്ത തുകയില്‍ നിന്നും 60 യുവാന്‍ (715 രൂപ) ഇവര്‍ ഭക്ഷണം വാങ്ങിക്കാനും പടക്കങ്ങള്‍ വാങ്ങിക്കാനുമായി ഉപയോഗിച്ചു. ബാക്കി വന്ന തുക മൂന്നുപേരും തുല്യമായി വീതിച്ചെടുത്തു. ഓരോരുത്തര്‍ക്കും കിട്ടിയത് 381 രൂപ വച്ച്. എന്നാല്‍, മോഷണം നടന്നു അധികം വൈകാതെ തന്നെ പൊലീസ് ഇയാളുടെ കൂട്ടാളികളെ അറസ്റ്റ് ചെയ്തു. തന്നെയും പൊലീസ് വൈകാതെ പിടികൂടുമെന്ന് ഉറപ്പായത്തോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.പൊലീസിനും മറ്റുള്ളവര്‍ക്കും യാതൊരു സംശയവും തോന്നാത്ത വിധം ഒരു ഗുഹയിലാണ് ഇയാള്‍ ഒളിച്ച് താമസിച്ചത്. ജനവാസ മേഖലയില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ ഉള്ളിലോട്ട് മാറി കാടിനുള്ളില്‍ ആയിരുന്നു ഇയാള്‍ അഭയം തേടിയ ഗുഹ.

കാട്ടു മൃഗങ്ങളില്‍ നിന്നും സംരക്ഷണം നേടുന്നതിനായി തെരുവ് നായ്ക്കളെയും ഇയാള്‍ ഇണക്കി വളര്‍ത്തിയിരുന്നു. നാട്ടില്‍ നിന്നും പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണ സാധനങ്ങളും മോഷ്ടിച്ച് ഗുഹയില്‍ എത്തിച്ചാണ് ഇയാള്‍ ആഹാരത്തിനുള്ള വക കണ്ടെത്തിയിരുന്നത്. എന്നാല്‍, നാട്ടില്‍ ഉത്സവങ്ങളും മറ്റും നടക്കുന്ന സമയത്ത് ഇയാള്‍ കുടുംബത്തെ കാണാന്‍ പോകുന്നതും പതിവായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ അല്പസമയം മാത്രം അവരോടൊപ്പം ചെലവഴിച്ചതിനുശേഷം ആരുടെയും കണ്ണില്‍പ്പെടാതെ ഇയാള്‍ മടങ്ങിപ്പോവുകയാണ് പതിവ്. അത്തരമൊരു സന്ദര്‍ശനത്തിനിടയില്‍ ഇയാള്‍ നാട്ടുകാരുടെ കണ്ണില്‍പ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ ഗുഹയില്‍ നിന്ന് പിടികൂടുകയുമായിരുന്നു. അതേസമയം അന്ന് പിടിയിലായവരൊക്കെ ഇപ്പോള്‍ സ്വതന്ത്രമായി ജീവിക്കുകയാണ്. 14 വര്ഷം വെറുതെ കളഞ്ഞ ഇയാള്‍ക്ക് ഇനി കുറഞ്ഞത് ഏഴു വര്ഷം എങ്കിലും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.