തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈ വിരല്‍ ഞെരിച്ചൊടിച്ച് അറ്റന്‍ഡറുടെ ക്രൂരത-വീഡിയോ പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൈ ഞെരിച്ചൊടിച്ച് അറ്റന്‍ഡറുടെ ക്രൂരത. കാലില്‍ ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ട് ആശുപത്രിയില്‍ കഴിയുകയായിരുന്ന രോഗിയുടെ കൈവിരലുകള്‍ ആശുപത്രി ജീവനക്കാരന് ഞെരിച്ച് ഒടിക്കുകയായിരുന്നു.
മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ സുനില്‍ കുമാറാണ് രോഗിയുടെ വിരല്‍ ഞെരിച്ച് ഒടിക്കുകയും തല്ലാന്‍ കൈവീശുകയും ചെയ്തത്. അറ്റന്‍ഡര്‍ രോഗിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമംങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ഇപ്പോള്‍ ആ രോഗി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലില്ലെങ്കിലും15-ആം വാര്‍ഡില്‍ കഴിയുകയായിരുന്ന രോഗിയാണ് ആക്രമണത്തിനിരയായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സുനില്‍ കുമാറിനെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ആക്രമണത്തിനിരയായ രോഗിയുടെ സമീപത്തുണ്ടായിരുന്നയാളാണ് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് പകര്‍ത്തിയതാരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചില്ല.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഷര്‍മ്മദ് പറഞ്ഞു.സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്