ലാ ലിഗയില്‍ അപരാജിതരായി പുതിയ ചരിത്രമെഴുതി ബാഴ്‌സലോണ
സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ ബാഴ്സിലോണയ്ക്ക് പുതിയ റെക്കോര്‍ഡ്. ലാലിഗയില്‍ പരാജയമറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പിന്നിടുകയെന്ന റെക്കോഡ് ആണ് കറ്റാലന്‍ ക്ലബ് സ്വന്തമാക്കിയത്. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ വലന്‍സിയയെ തോല്‍പ്പിച്ചതോടെയാണ് പുതിയ ചരിത്രം പിറന്നത്. ഇതോടെ ലാലിഗയില്‍ ബാഴ്സയുടെ പരാജയമറിയാതെയുള്ള കുതിപ്പ് 39 പിന്നിട്ടു.
1980-ല്‍ 38 മത്സരങ്ങള്‍ പരാജയമറിയാതെ കുതിച്ച റയല്‍ സോസിഡാഡിനെയാണ് ബാഴ്സ മറികടന്നത്. ജയത്തോടെ ബാഴ്സ ലാലിഗ കിരീടപ്രതീക്ഷ സജീവമാക്കുകയും ചെയ്തു. 32 മത്സരങ്ങളില്‍ 82 പോയന്റാണ് അവരുടെ സമ്പാദ്യം. 31 മത്സരങ്ങളില്‍ 68 പോയന്റുള്ള അത്ലറ്റിക്കോ മഡ്രിഡാണ് ലീഗില്‍ രണ്ടാമത്. വലന്‍സിയ (65) മൂന്നാമതും റയല്‍ മഡ്രിഡ് (64) നാലാമതുമാണ്.