മഹാഭാരതകാലത്ത് ഭാരതത്തില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്ന് ബിജെപി മുഖ്യമന്ത്രി
ബി.ജെ.പി നേതാവും തൃപുര മുഖ്യമന്ത്രിയുമായ ബിപ്ലവ് ദേബ് കുമാറാണ് മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്നുവെന്ന കണ്ടെത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും ഇന്റര്‍നെറ്റ് വരുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു. പക്ഷേ അതാരും അംഗീകരിക്കാന്‍ തയ്യാറല്ല. കുരുക്ഷേത്ര യുദ്ധത്തില്‍ സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയത് ഇന്റര്‍നെറ്റ് വഴിയാണ്. ഈ സാങ്കേതിക വിദ്യ ഇല്ലെങ്കില്‍ ഒരിക്കലും അദ്ദേഹത്തിന് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കാനാവില്ല. കാരണം യുദ്ധം ഏറ്റവും അടുത്ത നിന്ന് കണ്ട വ്യക്തിയാണ് സഞ്ജയന്‍. ഇത് ഏത്രയും വേഗത്തില്‍ ധൃതരാഷ്ട്രര്‍ക്ക് കൈമാറുക സാറ്റലൈറ്റും ഇന്റര്‍നെറ്റും വഴിയാവാനേ സാധ്യതയുള്ളൂ. അതിര്‍നര്‍ത്ഥം സാങ്കേതിക വിദ്യയില്‍ നമ്മള്‍ എത്രയോ മുന്നിലായിരുന്നു എന്നതാണെന്ന് ബിപ്ലവ് കുമാര്‍ പറയുന്നു.
കൂടാതെ ഇത്തരം അത്യാധുനിക സാങ്കേതിക വിദ്യകള്‍ നിലവിലുണ്ടായിരുന്ന രാജ്യത്ത് ജനിക്കാന്‍ സാധിച്ചതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ബിപ്ലബ് ദേബ് പറഞ്ഞു. സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ എന്നവകാശപ്പെടുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരെയാണ് അവരുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താന്‍ ജോലിക്കെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത് ആദ്യമായിട്ടല്ല ഇത്തരം മണ്ടന്‍ പ്രസ്താവനകളുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തുന്നത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന റോക്കറ്റുകളെ രാമന്റെ അമ്പിനോടാണ് ഉപമിച്ചത്. രാമന്‍ മികച്ച എഞ്ചിനീയറായിരുന്നുവെന്നും രാമസേതു ഇതിന്റെ മികച്ച ഉദാഹരണമാണെന്നും രൂപാനി തട്ടിവിട്ടിരുന്നു. കേന്ദ്ര മന്ത്രി സത്യപാല്‍ സിംഗിന്റെ പ്രസ്താവനയില്‍ വന്‍ വിവാദമായിരുന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റായിരുന്നുവെന്നും സ്‌കൂളുകളിലും കോളേജുകളിലും ഇത് പഠിപ്പിക്കരുതെന്നും സത്യപാല്‍ സിംഗ് പറഞ്ഞിരുന്നു.



