മോഹന്‍ലാലിനോട് ചെയ്ത തെറ്റ് വെളിപ്പെടുത്തി സംവിധായകന്‍ ജയരാജ്
ദേശിയ പുരസ്‌ക്കാര ജേതാവും മലയാളത്തിലെ പ്രമുഖ സംവിധായകരില്‍ ഒരാളുമായ ജയരാജ് താന്‍ എന്ത് കൊണ്ടാണ് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാത്തത് എന്ന കാര്യം വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഭാഗത്ത് നിന്നും വന്ന ഒരു തെറ്റാണ് ഇതിനു പിന്നില്‍ എന്ന് ജയരാജ് പറയുന്നു. ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കേണ്ടതായിരുന്നു. ചിത്രത്തിനായി പാട്ടുകള്‍ ഒരുക്കി, ലൊക്കേഷന്‍ ശരിയാക്കി, കോസ്റ്റിയൂം വാങ്ങുകവരെ ചെയ്തു. എന്റെ ഒരു തെറ്റുകൊണ്ട്, എന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക സാഹചര്യം കൊണ്ട് അത് ചെയ്യാന്‍ സാധിച്ചില്ല. അതൊരുപക്ഷേ അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിരിക്കാം. അതുകൊണ്ട് ഞാന്‍ സമീപിച്ച പല തിരക്കഥകളും, ഉദാഹരണത്തിന് കുഞ്ഞാലി മരയ്ക്കാര്‍ ഏകദേശം മൂന്ന് വര്‍ഷത്തോളം അദ്ദേഹം കയ്യില്‍ വച്ചു, തിരിച്ചൊരു മറുപടി പോലും പറഞ്ഞില്ല.
വീരത്തിന്റെ ഫുള്‍ ഇല്ലസ്ട്രേഷന്‍ ഞാന്‍ അദ്ദേഹത്തെ കാണിച്ചു, അദ്ദേഹം നോക്കിയിട്ട് ഇതെങ്ങനെ പ്രാക്ടിക്കലാകും എന്ന് ചോദിച്ചു. അതിനുമുമ്പും ഞാന്‍ സമീപിച്ച സമയത്തൊക്കെ അദ്ദേഹം അങ്ങനെ ഒരു ലാഘവത്തോടെ പറഞ്ഞൊഴിയുകയായിരുന്നു. അപ്പോള്‍ എനിക്ക് മനസിലായി, ഇതുതന്നെയാകും കാരണം. ഒരു സിനിമയുടെ എല്ലാം തയാറായിട്ട് അതില്‍നിന്ന് ഞാന്‍ പിന്മാറേണ്ടിവരുന്ന സാഹചര്യം അദ്ദേഹത്തിനെ വിഷമിപ്പിച്ചിട്ടുണ്ടാകാം”, ജയരാജ് പറയുന്നു. തന്റെ സിനിമ വേളയില്‍ മോഹന്‍ലാല്‍ കുടുംബവുമായി ദക്ഷിണാഫ്രിക്കയില്‍ യാത്രയിലായിരുന്നു. അത് ക്യാന്‍സല്‍ ചെയ്താണ് സിനിമയുടെ ആവശ്യത്തിനായി അദ്ദേഹം മാത്രം മടങ്ങിവന്നത് എന്നാല്‍ ഇവിടെ വരുമ്പോഴാണ് ഈ സിനിമാ ഉപേക്ഷിച്ചു എന്നറിയുന്നത്. അപ്പോള്‍ ഒരു കാര്യം മാത്രമേ എന്നോടദ്ദേഹം ചോദിച്ചുള്ളൂ, നേരത്തെ ഒന്ന് പറയാമായിരുന്നില്ലേ എന്നുമാത്രം. അത് എന്റെ ഭാഗത്തുണ്ടായ തെറ്റാണ്. ഒരുപക്ഷേ ഇക്കാര്യം അദ്ദേഹം മനസില്‍ സൂക്ഷിക്കുന്നതുകൊണ്ടാകാം സിനിമാ നടക്കാതെ പോകുന്നത്. പക്ഷേ അതുകൊണ്ട് മലയാളത്തിലെ ഒരു സിനിമയാണ് നഷ്ടമാകുന്നത്. അദ്ദേഹം തയാറാണെങ്കില്‍ ഞാനും തയാറാണ്. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്”, ജയരാജ് പറഞ്ഞു.