ശക്തമായ പൊടിക്കാറ്റ് ; യു.പിയിലും രാജസ്ഥാനിലുമായി 91 മരണം

ആഞ്ഞടിച്ച പൊടിക്കാറ്റില്‍ യു.പിയിലും രാജസ്ഥാനിലുമായി പൊലിഞ്ഞത് 91 ജീവന്‍. ഉത്തര്‍പ്രദേശില്‍ മാത്രം 64 പേരാണ് മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനില്‍ 27 പേര്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെയ് അഞ്ചുവരെ ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരിയ മഴയ്ക്ക് പിന്നാലെയാണ് പൊടിക്കാറ്റ് വീശിയത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമെ ദുരന്തത്തില്‍പ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂവെന്നാണ് ലഭിക്കുന്ന വിവരം.

ശക്തമായ കാറ്റില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനും അടക്കമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ 156 വളര്‍ത്തുമൃഗങ്ങളും കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 36 പേര്‍. ബിജ്‌നോര്‍, ബറെയ്‌ലി, സഹ്രണ്‍പുര്‍, പിലിഭിത്ത്, ഫിറോസാബാദ്, ചിത്രകൂഢ്, മുസാഫര്‍നഗര്‍, റായ് ബറേലി, ഉന്നാവോ എന്നീ ജില്ലകളില്‍ പൊടിക്കാറ്റ് ശക്തമായ നാശം വിതച്ചു. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലടക്കം ശക്തമായ പൊടിക്കാറ്റുവീശി.