കല്യാണം കൂടാന്‍ വന്നവര്‍ സദ്യ ഒന്നോടെ അടിച്ചുമാറ്റി ; ലാലുപ്രസാദിന്റെ മകന്റെ വിവാഹം അലങ്കോലമായി

ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തിലാണ് സദ്യ വിളമ്പിയ സമയം ജനങ്ങള്‍ എല്ലാം അലങ്കോലമാക്കിയത്. വിവാഹ വേദിയിലേക്ക് അനിയന്ത്രിതമായി പ്രവഹിച്ച ജനങ്ങള്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും ഭക്ഷണസാധനങ്ങള്‍ കൊള്ളയടിച്ച് കൊണ്ടുപോവുകയുമായിരുന്നു. ആര്‍ജെഡി നേതാവ് ചന്ദ്രിക റോയിയുടെ മകള്‍ ഐശ്വര്യ റോയിയും തേജ് പ്രതാപുമായുള്ള വിവാഹം ഞായറാഴ്ചയായിരുന്നു. വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖരും പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിന് പേരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. വധൂവരന്‍മാര്‍ പരസ്പരം മാലയണിയിച്ചതോടെ ജനക്കൂട്ടത്തിന്റെ നിയന്ത്രണം വിട്ടു. വിഐപികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി വേര്‍തിരിച്ചിരുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ ഇരച്ചുകയറി.

വിളമ്പാന്‍ തയ്യാറാക്കിവെച്ചിരുന്ന ഭക്ഷണ സാധനങ്ങള്‍ ജനങ്ങള്‍ കൈയ്യടക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ കല്യാണ വേദി യുദ്ധഭൂമിയായി മാറി. ഏഴായിരം പേര്‍ക്കുള്ള ഭക്ഷണമാണ് കല്യാണത്തിനായി ഒരുക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും വളരെയേറെ ജനങ്ങളാണ് കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ജനങ്ങളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതിരുന്നതും വിനയായി. ഭക്ഷണ സാധനങ്ങള്‍ മുഴുവന്‍ പാത്രങ്ങളോടെയാണ് കടത്തിക്കൊണ്ടുപോയത്. നേതാക്കളില്‍ ചിലര്‍ ഇടപെട്ട് അണികളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.