കല്യാണ വീരന്‍ ; ലോകത്ത് ഏറ്റവുമധികം വിവാഹം കഴിച്ച മനുഷ്യന്‍ ആരാണ് എന്ന് അറിയാമോ…?

ഏറ്റവും കൂടുതല്‍ ഭാര്യമാര്‍ ഉള്ള ചിലര്‍ ഇപ്പോള്‍ ലോകത്തുണ്ട്. അവരെ പറ്റിയുള്ള വാര്‍ത്തകള്‍ നാം അറിയാറുമുണ്ട്. എന്നാല്‍ 33 തവണ വിവാഹം കഴിച്ച പുരുഷനെ കുറിച്ച് അറിയാമോ? ഒരേസമയം ഒന്നിലധികം പങ്കാളികള്‍ ഉണ്ടായിരുന്നില്ല, മറിച്ച് ഓരോ വട്ടവും തന്റെ മുന്‍ഭാര്യമാരില്‍ നിന്നും അകന്നു കഴിയുമ്പോള്‍ വീണ്ടും വീണ്ടും വിവാഹം കഴിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രീതി. ഇത്തരത്തില്‍ തന്നെ ജീവിതകാലയളവില്‍ ഈ മനുഷ്യന്‍ 31 സ്ത്രീകളെയാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ കഴിച്ചതിനുള്ള ലോക റെക്കോര്‍ഡ് ഇയാളുടെ പേരിലാണ്.

ഈ മനുഷ്യന്റെ പേര് ഗ്ലിന്‍ വുള്‍ഫ് എന്നാണ്. കാലിഫോര്‍ണിയയിലെ റെഡ്ലാന്‍ഡ്സ് സ്വദേശിയായ ഇദ്ദേഹം ഒരു പാസ്റ്റര്‍ ആയിരുന്നു.1908 -ല്‍ ജനിച്ച വുള്‍ഫ് 1926 -ല്‍ ആണ് ആദ്യത്തെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് 1997 -ല്‍ അദ്ദേഹം മരിക്കുന്നതുവരെ 31 വിവാഹങ്ങളാണ് കഴിച്ചത്. 31 തവണ വുള്‍ഫ് വിവാഹം കഴിച്ചെങ്കിലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പുറത്തുവിട്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ ഭാര്യമാരുടെ ലിസ്റ്റില്‍ 29 പേരെ ഉള്ളൂ. കാരണം മൂന്നുതവണ അദ്ദേഹം വിവാഹം കഴിച്ചത് മുന്‍പ് വിവാഹം കഴിച്ചുപേക്ഷിച്ച സ്ത്രീകളെ തന്നെയായിരുന്നു. വിവാഹം കഴിച്ച സ്ത്രീകളില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ കാലം ഒന്നിച്ച് കഴിഞ്ഞത് താന്‍ ഇരുപത്തിയെട്ടാമത് വിവാഹം കഴിച്ച തന്നെക്കാള്‍ 37 വയസ്സ് ഇളയ ഭാര്യ ക്രിസ്റ്റീന്‍ കാമാച്ചോയ്ക്കൊപ്പം ആയിരുന്നു. 28 -കാരിയായിരുന്ന കാമാച്ചോയ്ക്കൊപ്പം ഇദ്ദേഹം 11 വര്‍ഷക്കാലം ഒരുമിച്ചു കഴിഞ്ഞു. വുള്‍ഫിന്റെ ഏറ്റവും ചെറിയ വിവാഹ കാലയളവ് 19 ദിവസമായിരുന്നു. 1996 -ല്‍ ആയിരുന്നു അവസാനവിവാഹം. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു.

മറ്റൊരു കൗതുകകരമായ കാര്യം വുള്‍ഫിന്റെ അവസാന വധു ലിന്‍ഡയ്ക്കു ഒന്നിലധികം വിവാഹങ്ങള്‍ ഉണ്ടായിരുന്നു. വുള്‍ഫിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ലിന്‍ഡ 22 തവണ വിവാഹിതയായിരുന്നു. 89 -ാം വയസ്സിലാണ് വുള്‍ഫ് മരിക്കുന്നത്. വിവാഹം കഴിച്ച 28 സ്ത്രീകളില്‍ നിന്നായി ഇയാള്‍ക്ക് 19 മക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത്രയും പേരൊക്കെ ഉണ്ടായിരുന്നിട്ടും മരണശേഷം ഇദ്ദേഹത്തിന്റെ മൃതശരീരം ഏറ്റെടുക്കാന്‍ മക്കളോ വിവാഹം കഴിച്ച സ്ത്രീകളോ എത്തിയില്ല. പലരും ഇയാള്‍ മരിച്ച വിവരം അറിഞ്ഞത് തന്നെ മാധ്യമങ്ങളിലൂടെയാണ്. ഈ വിവാഹ കമ്പത്തിന്റെ കാരണം മരണം വരെ ഇയാള്‍ ആരോടും പങ്കുവെച്ചിട്ടില്ല എന്നതും കൗതുകകരം.