നൂറു വിവാഹം കഴിക്കണം ; നൂറു കുട്ടികള്‍ വേണം ; വളരെ ചെറിയ ആഗ്രഹവുമായി അറുപതുകാരന്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിവാഹം കഴിച്ച ആളിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു. കാലിഫോര്‍ണിയയിലെ ഒരു പാസ്റ്റര്‍ ആയിരുന്ന ഗ്ലിന്‍ വുള്‍ഫ് എന്നയാളിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ തവണ വിവാഹം കഴിച്ച ആളിന്റെ റേക്കാര്‍ഡ് കിടക്കുന്നത്. 33 തവണയാണ് പുള്ളി വിവാഹിതനായത്. 97 ല്‍ അയാള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഗ്ലിന്‍ വുള്‍ഫിന്റെ റെക്കാര്‍ഡ് തകര്‍ക്കണം എന്ന ആഗ്രഹത്തിലാണ് പാക്കിസ്ഥാനിലെ ഒരു അറുപതുകാരന്‍. പുള്ളിക്ക് വളരെ ചെറിയ ആഗ്രഹമാണ് ഉള്ളത്. നൂറു വിവാഹം കഴിക്കണം അതില്‍ നൂറു കുട്ടികള്‍ വേണം.

ജ്യോത് ജീത് എന്നയാളുടെ ട്വീറ്റര്‍ പേജില്‍ അപ്പ് ചെയ്ത വീഡിയോയിലാണ് ഇയാള്‍ തനിക്ക് 100 വിവാഹം ചെയ്യണമെന്ന് പറയുന്നത്. മാത്രമല്ല, വിവാഹം കഴിക്കലും കുഞ്ഞുങ്ങളെ ഉണ്ടാക്കലും വിവാഹ മോചനം നേടുന്നതുമാണ് തന്റെ വിനോദമെന്നും ഇയാള്‍ പറയുന്നു. ഇതുവരെയായി 26 വിവാഹം ചെയ്തു. ഇതില്‍ 22 പേരെയും വിവാഹമോചനം നടത്തിയെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. വിവാഹം കഴിക്കുന്ന ഓരോ ഭാര്യയില്‍ നിന്നും താന്‍ ഒരു കുട്ടിയെ വീതമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇങ്ങനെ ഒരു കുട്ടി ജനിക്കുന്നതിന് പിന്നാലെ ഇയാള്‍ ഭാര്യയെ ഉപേക്ഷിക്കുന്നു. വീഡിയോയില്‍ അദ്ദേഹം തന്റെ കൊച്ചുമക്കളുടെ പ്രായമുള്ള ഭാര്യമാരോടൊപ്പമാണ് ഇരിക്കുന്നത്. ഇതില്‍ ഒരു ഭാര്യയ്ക്ക് 19 വയസാണ് പ്രായമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

നിലവില്‍, ഇയാള്‍ക്ക് നാല് ഭാര്യമാരാണ് ഉള്ളത്. ഇവര്‍ക്ക് 19 മുതല്‍ 20 വയസ് മാത്രമാണ് പ്രായം. പുതിയ ഭാര്യമാരെ ആദ്യ കുട്ടിയുണ്ടായതിന് പിന്നാലെ താന്‍ തലാഖ് ചൊല്ലി ഒഴിവാക്കുമെന്നും ഇയാള്‍ പറയുന്നു. ഇനിയുള്ള കാലം കൊണ്ട് 100 വിവാഹം കഴിച്ച് 100 വിവാഹ മോചനങ്ങളും നേടുന്നതാണ് തന്റെ സ്വപ്നമെന്നും ഇയാള്‍ പറയുന്നു. നിലവില്‍ ഇയാള്‍ക്ക് 22 കുട്ടികളാണ് ഉള്ളത്. ഇവരെല്ലാവരും അവരുടെ അമ്മമാരോടൊപ്പമാണ് താമസിക്കുന്നത്. വിവാഹ മോചനം നടത്തുന്ന ഭാര്യമാര്‍ക്ക് ജീവിക്കാനുള്ള വകയും വീടും മറ്റ് ചെലവുകളും നല്‍കാറുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടു. വീഡിയോ ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ വൈറലായി. ഇയാളെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.