എം എല്‍ എ മാര്‍ക്ക് ബി ജെ പി നൂറുകോടി വാഗ്ദാനം നല്‍കുന്ന ശബ്ദരേഖ പുറത്ത്

നാളെ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടണമെന്നിരിക്കെ ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എയെ പണവും സ്വത്തും നല്‍കി സ്വാധീനിക്കാന്‍ ബിജെപിയുടെ ജനാര്‍ദ്ദന റെഡ്ഡി ശ്രമിക്കുന്നതിന്റെ ശബ്ദരേഖ കോണ്ഗ്രസ് പുറത്തുവിട്ടു. ബെല്ലാരി സഹോദരന്‍മാരിലൊരാളായ ജനാര്‍ദ്ദന റെഡ്ഡി റെയ്ച്ചൂര്‍ റൂറല്‍ എംഎല്‍എ ബസനഗൗഡയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. നഷ്ടപ്പെട്ടതിന്റെ നൂറ് മടങ്ങ് നല്‍കാമെന്നാണ് ജനാര്‍ദ്ദന റെഡ്ഡിയുടെ വാഗ്ദാനം. തങ്ങളുടെ പക്ഷത്തേയ്ക്ക് വരാന്‍ സമ്മതമാണെങ്കില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന ഉറപ്പും ജനാര്‍ദ്ദന റെഡ്ഡി നല്‍കുന്നുണ്ട്.

പണത്തിനും മറ്റ് പദവികള്‍ക്കുമൊപ്പം യെദ്യൂരപ്പ മന്ത്രിസഭയിലെ ഏത് വകുപ്പും ജനാര്‍ദ്ദന റെഡ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്. തങ്ങളുടെ എംഎല്‍എമാരെ ചാക്കിലാക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി നേരത്തെയും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 104 സീറ്റുകളുള്ള ബിജെപിക്കൊപ്പം എട്ട് എംഎല്‍എമാര്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ മന്ത്രിസഭ രൂപീകരിക്കാന്‍ സാധിക്കൂ. നാളെ വൈകുന്നേരത്തിനുള്ളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് പാളയത്തില്‍നിന്ന് എംഎല്‍എമാരെ സ്വന്തം തട്ടകത്തില്‍ എത്തിക്കുവനാണ് ബിജെപി ശ്രമം. ബിജെപിയെ സംബന്ധിച്ച് നാളെ ഏറെ നിര്‍ണായകമായ ദിവസമാണ്. ഒരേസമയം ബിജെപിയും കോണ്‍ഗ്രസും ആശങ്കയിലാണ്.