കര്‍ണാടക ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 6 കോടി

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബി.ജെ.പി എംഎല്‍എ യുടെ മകന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 6 കോടി. കര്‍ണാടക ഭാവനഗരെ ചന്നാഗിരി മണ്ഡലത്തിലെ എംഎല്‍എ കെ മദല്‍ വിരൂപാക്ഷപ്പയുടെ മകന്‍ പ്രശാന്താണ് 40 ലക്ഷം രൂപയുമായി ലോകായുക്ത ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിന്നാലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആറു കോടി പിടിച്ചെടുത്തത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 80 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും മുന്‍കൂറായി 40 ലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇയാള്‍ ലോകായുക്തയുടെ പിടിയിലായത്. ദാവനഗരെ ചന്നാഗിരി എംഎല്‍എയും കര്‍ണാടക സോപ്സ് ചെയര്‍മാനുമായ മദല്‍ വിരൂപാക്ഷപ്പയുടെ മകനും ഐഎഎസ് ഓഫീസറുമാണ് പിടിയിലായ പ്രശാന്ത് കുമാര്‍.

ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് കുമാര്‍ സോപ്പും ഡിറ്റര്‍ജന്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 81 ലക്ഷം രൂപയാണ് കൈക്കൂലിയായി പ്രശാന്ത് കുമാര്‍ കരാറുകാരനില്‍ നിന്ന് ആവശ്യപ്പെട്ടത്. മൂന്ന് ബാഗുകളിലായി 40 ലക്ഷം രൂപയോടെയാണ് പ്രശാന്ത് കുമാറിനെ അറസ്റ്റ് ചെയ്തത്. ഓരോ പദ്ധതികള്‍ക്കും എംഎല്‍എമാരും മന്ത്രിമാരും 40 ശതമാനം കമ്മീഷന്‍ ചോദിക്കുന്നെന്ന് കരാറുകാരുടെ അസോസിയേഷന്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.

വീട്ടില്‍ ലോകായുക്ത പരിശോധന നടത്തി.പിന്നാലെ ആറ് കോടിയുടെ പണം ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് പരിശോധനയുണ്ടായത്.ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്. മറ്റൊരു മകനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു മദല്‍ വിരൂപാക്ഷപ്പ. മകന്‍ മല്ലികാര്‍ജുനയെ ഇത്തവണ ബിജെപി ടിക്കറ്റില്‍ നിര്‍ത്താന്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ സംഭവ വികാസം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം.