കൊച്ചി മെട്രോയ്ക്ക് ഒരു വയസ്സ്; ‘കുമ്മനടി’ക്കും


കേരളത്തിലെ ആദ്യ മെട്രോ സര്‍വീസ് ആയ കൊച്ചി മെട്രോ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നു. മെട്രോയുടെ ഒന്നാം പിറന്നാളിന് വിവിധ പരിപാടികളോടെ ഇന്നു തുടക്കമാകും. രാവിലെ ഏഴു മുതല്‍ ഇന്നു മെട്രോ സര്‍വീസുകള്‍ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പിറന്നാള്‍ കേക്ക് മുറിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവല്‍ ഇന്ദ്രജാല പ്രകടനം. കൊച്ചി മെട്രോയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന കുടുംബശ്രീ, മെട്രോ പൊലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സിയായ എസ്ഐഎസ് ലിമിറ്റഡ് എന്നിവയെ കെഎംആര്‍എല്‍ ആദരിക്കുന്ന ചടങ്ങുകളും ഉണ്ട്. അതുപോലെ ആലുവയിലും മഹാരാജാസ് സ്റ്റേഷനിലും നഗരത്തിലെ വിവിധ കോളജുകളിലെ ടീമുകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. മഹാരാജാസ് കോളജിലെ കലാപ്രകടനങ്ങള്‍ വൈകിട്ട് നാലിന് ആരംഭിക്കും.


കഴിഞ്ഞ ജൂണ്‍ പതിനേഴിനാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. അതുപോലെ മെട്രോയെ പറ്റി പറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളവരുടെ മനസ്സില്‍ ആദ്യം എത്തുന്ന സംഭവം കുമ്മനടി എന്നാകും. കാരണം മലയാളികള്‍ക്ക് അങ്ങനെ ഒരു പുതിയ വാക്ക് കിട്ടിയതും മെട്രോ ഉത്ഘാടന വേളയില്‍ ആയിരുന്നു. ഉത്ഘാടന വേളയില്‍ നരേന്ദ്രമോദിയുടെ കൂടെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആയിരുന്ന സമയം ശ്രീ കുമ്മനം രാജശേഖരന്‍ മെട്രോയില്‍ യാത്ര ചെയ്തതിനു പിന്നാലെയാണ് ഇങ്ങനെ ഒരു വാക്ക് മലയാളികള്‍ ഉച്ചരിക്കാന്‍ തുടങ്ങിയത്. ഉത്ഘാടനം കഴിഞ്ഞുള്ള ആദ്യ യാത്രയില്‍ പലരെയും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയുടെ കൂടെ എന്ന പേരില്‍ കുമ്മനം മെട്രോയില്‍ യാത്രചെയ്തത് വന്‍ വിവാദമായി മാറുകയായിരുന്നു. ക്ഷണിക്കാതെയാണ് കുമ്മനം യാത്ര ചെയ്തത് എന്ന് പിന്നിട് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കിയതോടെ ”കുമ്മനടി” എന്ന പേരില്‍ ട്രോളുകള്‍ ഒന്നിന് പിറകെ ഒന്നായി പുറത്തു വരികയായിരുന്നു. മെട്രോ യാഥാര്‍ഥ്യമാകാന്‍ മുന്‍കൈയെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അതുപോലെ മെട്രോ മാന്‍ എന്ന് വിളിപ്പേരുള്ള ഈ ശ്രീധരന്‍ എന്നിവര്‍ക്ക് പോലും സര്‍ക്കാര്‍ ഉത്ഘാടനയാത്രയില്‍ ക്ഷണം നല്‍കിയിരുന്നില്ല. അതിന്റെ ഇടയ്ക്കാണ് ആരും വിളിക്കാതെ കുമ്മനം യാത്ര നടത്തിയത്.