കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക്
കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തു തീര്‍പ്പിലേക്ക്. പരാതിക്കാരനായ ഹരികൃഷ്ണന്‍ എന്നയാള്‍ പരാതി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതോടെയാണ് കേസില്‍ ഒത്തുതീര്‍പ്പിന് വഴിതെളിയുന്നത്. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു പരാതിക്കാരന്‍. ഇയാളുടെ പരാതിയില്‍ കുമ്മനം രാജശേഖരനെ നാലാം പ്രതിയാക്കിയാണ് ആറന്മുള പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട്ടെ ഒരു കമ്പനിയില്‍ പങ്കാളിത്തം വാഗ്ദാനം പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. നല്‍കിയ തുകയില്‍ നാല് ലക്ഷം രൂപ നേരത്തെ ലഭിച്ചെന്നും ബാക്കിയുള്ള 24 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയെന്നുമാണ് പരാതി പിന്‍വലിക്കാന്‍ നല്‍കിയ അപേക്ഷയില്‍ ഹരികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന തുടങ്ങാന്‍ കൊല്ലംകോട് സ്വദേശി വിജയനും പ്രവീണും ചേര്‍ന്ന് ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ലെന്നായിരുന്നു പരാതി. പരാതിയെ തുടര്‍ന്ന് ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കിനല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും 28.75 ലക്ഷം രൂപ തിരിച്ചുനല്‍കിയില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
കേസില്‍ കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണാണ് ഒന്നാം പ്രതി. ഇയാളുടെ പങ്കാളിയായ വിജയനും അദ്ദേഹത്തിന്റെ കുടുംബാഗങ്ങളും മാനേജറും ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാറും പ്രതി പട്ടികയിലുണ്ട്. സ്ഥാപനവുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍ പ്രവീണിനെ നേരിട്ട് കണ്ടെന്നും ഹരികൃഷ്ണന്‍ പരാതിയില്‍ ആരോപിച്ചിരുന്നു.