പശുക്കള്‍ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം എന്ന് ഗോരക്ഷാബോര്‍ഡ് ചെയര്‍മാന്‍

സംസ്ഥാനത്ത് പശുക്കള്‍ക്ക്‌ മാത്രമായി മന്ത്രാലയം വേണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഗോരക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ സ്വാമി അഖിലേശ്വരാനന്ദ ഗിരി. പൊതുജനതാല്പര്യം കണക്കിലെടുത്ത് പശുമന്ത്രാലയം തുടങ്ങണമെന്നാണ് അഖിലേശ്വരാനന്ദയുടെ ആവശ്യം. സന്യാസിയായ അദ്ദേഹത്തിന് കഴിഞ്ഞയാഴ്ച്ചയാണ് സര്‍ക്കാര്‍ ക്യാബിനെറ്റ് പദവി നല്കിയത്. മുഖ്യമന്ത്രി സ്വന്തം വീട്ടിലെ പശുക്കിടാങ്ങളെ സംരക്ഷിക്കുന്നതുപോലെ സംസ്ഥാനത്തെമ്പാടുമുള്ള പശുക്കളെ സംരക്ഷിച്ചാല്‍ ഭാവിതലമുറയ്ക്കും അദ്ദേഹം ഒരു പ്രചോദനമാകുമെന്ന് അഖിലേശ്വരാനന്ദ പറയുന്നു.

സംസ്ഥാനത്തുള്ള എല്ലാ ഗോശാലകളും മന്ത്രാലയത്തിന്റെ നോഡല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ചെയ്‌താല്‍ മധ്യപ്രദേശിനെ മഹത്തരസംസ്ഥാനമാക്കി മാറ്റാന്‍ പശുമന്ത്രാലയത്തിന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഉയരുന്നത്.