വിദേശരാജ്യ സന്ദര്‍ശനം ; 52 രാജ്യങ്ങള്‍, 41 യാത്ര ; നരേന്ദ്ര മോദി ചിലവാക്കിയത് ഖജനാവിലെ 355 കോടി രൂപ
കഴിഞ്ഞ 48 മാസങ്ങള്‍ക്കിടെ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നരേന്ദ്ര മോദി 41 യാത്രകളിലായി 50 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് റിപ്പോര്‍ട്ട്. ഇതിനായി ഖജനാവില്‍ നിന്നും ചെലവായിരിക്കുന്നത് 355 കോടി രൂപയും. അതായത് നാല് വര്‍ഷത്തിന്റെ ഇടയില്‍ 165 ദിവസങ്ങളിലും മോദി വിദേശ രാജ്യങ്ങളിലായിരുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
ഫ്രാന്‍സ്, ജര്‍മ്മനി, ക്യാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നടത്തിയ ത്രിരാഷ്ട്ര യാത്രയാണ് ഏറ്റവും ചെലവേറിയത്.ഈ യാത്രയ്ക്ക് മാത്രം ചെലവാക്കിയത് 31.25 കോടി രൂപയാണ്. ഒമ്പത് ദിവസങ്ങളായിരുന്നു മോദി യാത്രയ്ക്കായി ചെലവഴിച്ചത്. യാത്രകളില്‍ ഏറ്റവും ചെലവ് കുറഞ്ഞത് പ്രധാനമന്ത്രിയായ ശേഷം ആദ്യം നടത്തിയ ഭൂട്ടാന്‍ സന്ദര്‍ശനത്തിനാണ് 2.45 കോടി രൂപയായിരുന്നു ഈ യാത്രയുടെ ചെലവ്. ഇത് വിദേശയാത്രകളുടെ മാത്രം ചെലവാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്ക് അകത്തെ യാത്രകള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കുമായി ചെലവാക്കിയ തുക ആവശ്യപ്പെട്ടിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്പിജി സംഘത്തിന്റെ പ്രവൃത്തികള്‍ വിവരാവകാശ നിയമത്തിന് പുറത്താണെന്നാണ് പിഎംഒ മറുപടിയില്‍ പറഞ്ഞത്.
ഇത്തരം യാത്രകളിലൂടെ രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിച്ചതെന്ന വിവരം കൂടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് അകത്ത് നടത്തിയ യാത്രകളില്‍ ഭൂരിഭാഗവും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയുള്ളതാണ് എന്നാണു പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതിന്റെ വിവരം പുറത്തു വിട്ടാല്‍ പ്രതിപക്ഷം ഇത് ആയുധമാക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ ഇവ പുറത്തു വിടാത്തത് എന്നും ആക്ഷേപം ഉണ്ട്.