ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടി യുവനടി
ഹ്രസ്വചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തിയ യുവനടി ഇരുവൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ നിലയില്‍. നിരവധി സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും വേഷമിട്ട യുവനടി ആഷ്ലിയാണ് ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത്‍. അമ്മയ്ക്ക് അപൂര്‍വരോഗം പിടിപെട്ടതിന് പിന്നാലെ ആഷ്ലിയുടെ ഇരുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. അമ്മയുടെ ചികിത്സയ്ക്കും സ്വന്തംചികിത്സയ്ക്കും പണമില്ലാതെ വലയുകയാണ് ഈ നടിയും കുടുംബവും.
എട്ട് ഹൃസ്വചിത്രങ്ങളിലും പുറത്തിറങ്ങാനിരിക്കുന്ന ആറ് സിനിമകളും ആഷ്‌ലി വേഷമിട്ടിട്ടുണ്ട്. ‘അവള്‍ക്ക് വേണ്ടി’ എന്ന ഹൃസ്വചിത്രമാണ് അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
മാസങ്ങള്‍ക്ക് മുമ്പ് വിക്കലില്‍ തുടങ്ങി ശബ്ദം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ആഷ്‌ലിയുടെ അമ്മയ്ക്ക് ചലനശേഷിയും നഷ്ടമായത്. വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് രോഗം മോട്ടോര്‍ ന്യൂറോ ഡിസീസാണെന്ന് സ്ഥിരീകരിച്ചത്. സഹപ്രവര്‍ത്തകരുടെയടക്കം സഹായത്തോടെയായിരുന്നു ഇതുവരെയുളള ചികിത്സ.
ചികിത്സയുടെ ഭാഗമായി മുടി മുറിച്ചപ്പോഴുള്ള അമ്മയുടെ വിഷമം കണ്ട് ആഷ്‌ലിയും തല മൊട്ടയടിച്ചു. അമ്മയെ നോക്കാനായി അഭിനയവും നിര്‍ത്തി. അമ്മയെ പരിചരിക്കുന്നതിനിടെ തളര്‍ച്ചയുണ്ടായപ്പോള്‍ നടത്തിയ പരിശോധനയിലാണ് തന്‍റെ വൃക്കകള്‍ രണ്ടും തകരാറിലായ വിവരം ആഷ്‌ലി അറിയുന്നത്.
ടാപ്പിങ് തൊഴിലാളിയായ അച്ചനും പത്തുവയസുകാരനായ അനുജനുമൊപ്പം ചിറ്റൂര്‍ അങ്കംവെട്ടിയില്‍ വാടക വീട്ടിലാണ് ആഷ്‌ലി താമസിക്കുന്നത്. അമ്മയുടെയും തന്‍റെയും തുടര്‍ ചികിത്സയ്ക്കായി സുമനസകളുടെയും സംഘടനകളുടെയും കനിവ് തേടുകയാണ് ഇന്ന് ഈ കലാകാരി.









