നടി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ട്വിസ്റ്റ് ; കൊലപാതകം നടത്തിയത് ഭര്‍ത്താവ്

നടി ഇഷ ആല്യ (റിയ കുമാരി) കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇഷയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് പ്രകാശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇഷയുടെ ബന്ധുക്കള്‍ ഹൗറയിലെത്തി പൊലീസില്‍ പരാതി നല്‍കിയത്. പ്രകാശ് കുമാറിന്റെ രണ്ടാം ഭാര്യയാണ് ഇഷ ആല്യ. ആദ്യ ഭാര്യക്കെതിരെയും പരാതിയില്‍ നടിയുടെ കുടുംബം ആരോപണം ഉന്നയിക്കുന്നു. ഭര്‍ത്താവ് പ്രകാശ് കുമാറും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നടിയുടെ കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബുധനാഴ്ച രാവിലെ ആറുമണിക്ക് ഒരു സ്ഥലത്ത് താന്‍ മൂത്രമൊഴിക്കാന്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് മൂന്ന് കവര്‍ച്ചക്കാര്‍ ഇവരുടെ വാഹനം വളഞ്ഞതെന്നും ഇവരെ എതിര്‍ക്കാന്‍ ഇഷ ആലിയ ശ്രമിച്ചപ്പോഴാണ് നടിയെ കവര്‍ച്ചക്കാര്‍ നടിയെ പോയന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നത് എന്നുമാണ് പ്രകാശ് പൊലീസിനോട് ആദ്യം പറഞ്ഞത്. പ്രകാശിനെ സംഭവ സ്ഥലത്ത് എത്തിച്ച് സംഭവം പുനരാവിഷ്‌കരിച്ച് പൊലീസ് സംഭവത്തില്‍ വ്യക്തത തേടിയിരുന്നു. ജാര്‍ഖണ്ഡില്‍ അറിയപ്പെടുന്ന നടിയാണ് ഇഷ ആല്യ, ഇവരെ സിനിമയില്‍ എത്തിച്ച സംവിധായകന്‍ കൂടിയാണ് ഇവരുടെ ഭര്‍ത്താവായ പ്രകാശ് കുമാര്‍. യഥാര്‍ത്ഥ പേര് റിയ കുമാരി എന്നാണ്. ഷോപ്പിംഗ് നടത്താനാണ് ഇവര്‍ കൊല്‍ക്കത്തയിലേക്ക് പോയത്. വെടിയുണ്ടയുടെ ഷെല്ലുകള്‍ വാഹനത്തിനുള്ളില്‍ നിന്നുതന്നെ കണ്ടെത്തിയതോടെ കൊലപാതകത്തില്‍ പൊലീസിന്റെ സംശയമുന പ്രകാശ് കുമാറിലേക്ക് നീണ്ടിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നടിക്ക് വെടിയേറ്റത് പോയിന്റെ ബ്ലാങ്കില്‍ നിന്നാണെന്നു കണ്ടെത്തിയിരുന്നു.