ഗ്രൂപ്പ് അംഗം ദേശവിരുദ്ധ സന്ദേശം അയച്ചു ; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ആയ വിദ്യാര്‍ത്ഥി അഞ്ചുമാസമായി ജയിലില്‍
ഭോപ്പാല്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളില്‍ ഒരാള്‍ ദേശവിരുദ്ധ സന്ദേശം അയച്ചതിന്റെ പേരില്‍ ഗ്രൂപ്പ് അഡ്മിന്‍ അഞ്ച് മാസത്തോളമായി ജയിലില്‍. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലക്കാരനായ ജുനൈദ് മേവ് (21) ആണ് ചെയ്യാത്ത കുറ്റത്തിന് ജയിലിലായത്. ഐ.ടി.ഐ യില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ജുനൈദ്. ഗ്രൂപ്പ് അംഗമായ 17കാരന്‍ അയച്ച സന്ദേശമാണ് ജുനൈദിനെ ജയിലിലാക്കിയത്.
രാജ്ഗഢ് സ്വദേശിയായ 17കാരന്‍ കഴിഞ്ഞ ഫെബ്രുവരി 14 നാണ് ദേശവിരുദ്ധ സന്ദേശം അയച്ചത്. ഇതുസംബന്ധിച്ച് ചിലര്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഗ്രൂപ്പ് അഡ്മിനായ രാജാ ഗുജ്ജാര്‍ ഗ്രൂപ്പില്‍നിന്ന് പിന്മാറി. ഇതോടെ അഡ്മിന്‍ സ്ഥാനത്തെത്തിയ മറ്റുരണ്ടുപേരും ഗ്രൂപ്പ് വിട്ടു. ഇതോടെയാണ് ജുനൈദ് അഡ്മിന്‍ സ്ഥാനത്തെത്തിയത്.
പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സന്ദേശം അയച്ച 17കാരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജുനൈദിനെ ഐ.ടി ആക്ട് അടക്കം വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയശേഷം സന്ദേശമയച്ച 17കാരനെ ജുവനൈല്‍ ഹോമിലും ജുനൈദിനെ ജയിലിലുമാക്കി.
പോലീസ് ശരിയായ അന്വേഷണം നടത്താതിരുന്നതിനാലാണ് ജുനൈദ് ജയിലിലായതെന്ന് സഹോദരന്‍ മുഹമ്മദ് ഫക്രുദീന്‍ ആരോപിച്ചു. വിദ്യാര്‍ഥിയായ ജുനൈദ് ജയിലിലായതിനാല്‍ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ല. രാജ്യദ്രോഹകുറ്റം ചുമത്തിയതിനാല്‍ ജുനൈദിന് ജാമ്യം കിട്ടുകയുമില്ലെന്ന് ഫക്രുദ്ദിന്‍ കൂട്ടിചേര്‍ത്തു. എന്നാല്‍, അന്വേഷണം ശരിയായ ദിശയിലാണ് നടന്നതെന്നും കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നും സാരംഗ്പുര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പ്രകാശ് മിശ്ര പി.ടി.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍ ന്യൂനപക്ഷമായതിന്റെ പേരിലാണ് തങ്ങളെ പീഡിപ്പിക്കുന്നത് എന്ന് ബന്ധുക്കള്‍ പറയുന്നു. സന്ദേശം വന്ന സമയം ഗ്രൂപ്പിലെ അഡ്മിന്‍ വേറെ ആളായിരുന്നു എന്നും അയാളെ പിടികൂടുന്നതിന് പകരം കേസ് തങ്ങളുടെ തലയില്‍ കെട്ടി വെക്കുകയാണ് എന്നും അവര്‍ ആരോപിക്കുന്നു. വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിന്‍ പിന്‍മാറിയാല്‍ വാട്സ് ആപ്പ് തന്നെയാണ് ഗ്രൂപ്പിലെ ഒരാളെ അഡ്മിന്‍ ആയി തിരഞ്ഞെടുക്കുന്നത്. ഇതാണ് യുവാവിനു പാരയായത്.