വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ കെണിയാകുമോ എന്ന സംശയത്തില്‍ ടെക് ലോകം

അടുത്തകാലത്തായി ഏറെ പുതിയ ഫീച്ചറുകള്‍ ആണ് വാട്‌സാപ്പില്‍ വന്നുകൊണ്ടിരിക്കുന്നത്. അതില്‍ പലതും ഏറെ ഗുണം ഉള്ളത് തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ വാട്‌സാപ്പ് കൊണ്ടുവന്ന ഒരു ഫീച്ചര്‍ കുറ്റവാളികള്‍ക്ക് സഹായകരമാകുമോ എന്ന സംശയത്തിലാണ് ടെക് ലോകം. നമ്മള്‍ അയക്കുന്ന ചിത്രങ്ങള്‍ വീഡിയോകള്‍ എന്നിവ മാത്രമാണ് ‘വ്യൂ വണ്‍സ്’ ഓപ്ഷന്‍ സെറ്റ് ചെയ്ത് അയക്കാന്‍ സാധിക്കുമായിരുന്നത്. ഇപ്പോഴിതാ ടെക്സ്റ്റ് മെസേജും അത്തരത്തില്‍ ‘വ്യൂ വണ്‍സ്’ ആക്കി മാറ്റാന്‍ സാധിക്കുന്ന ഫീച്ചര്‍ അണിയറയില്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം.

ഒറ്റത്തവണ മാത്രമേ കാണാനാകൂ എന്നതാണ് വ്യൂ വണ്‍സ് ഫീച്ചറിന്റെ ഉപയോഗം. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന ഇക്കാലത്ത് ടെക്സ്റ്റ് മെസേജ് വ്യൂവണ്‍സ് ആകുന്നതിന് ദോഷങ്ങളേറെയാണ്. ഈ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ, ഫോര്‍വേഡ് ചെയ്യാനോ സാധിക്കില്ല. അത് സൈബര്‍ കുറ്റവാളികള്‍ക്ക് ഏറെ സഹായകമാകുന്ന ഒന്നായി മാറാന്‍ സാധ്യത ഉണ്ട് എന്ന ഭയത്തിലാണ് ഏവരും. അതേസമയം, ഈ ഫീച്ചര്‍ എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഔദ്യഗികമായി പ്രഖ്യാപിച്ചിട്ടില്ല.